ശശി തരൂരിന്റെ മലബാർ പര്യടനത്തിന് കോൺഗ്രസിൽ അപ്രഖ്യാപിത വിലക്കെന്ന വാർത്തകളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശശി തരൂരിന് യാതൊരു വിലക്കുമില്ലെന്നാണ് വി ഡി സതീശൻ പറഞ്ഞത്. ഒരു തടസവും ഒരു നേതാവിനും ഉണ്ടാവില്ലെന്ന് പറഞ്ഞ സതീശൻ, യൂത്ത് കോൺഗ്രസ് പിന്മാറിയതിനെ കുറിച്ച് അവരോട് ചോദിക്കണണെന്നും പ്രതികരിച്ചു.
.......................................
അധികാര ഗർവ് ബാധിച്ച പിണറായി വിജയൻ സർക്കാർ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെപ്പോലും അട്ടിമറിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരൻ. കണ്ണൂർ സർവകലാശാല മുതൽ തിരുവനന്തപുരം നഗരസഭ വരെ എല്ലായിടത്തും സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കും സിപിഎം പ്രവർത്തകർക്കും മാത്രമാണ് നിയമനമെന്നും വി മുരളീധരൻ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരെ ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
.......................................
വ്യക്തിനിയമപ്രകാരം മുസ്ലീം മതവിഭാഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം പോക്സോ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. വിവാഹതിരായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണെങ്കിൽ പോക്സോ കുറ്റം ചുമത്താമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. പോക്സോ കേസിൽ ജാമ്യം തേടി തിരുവല്ല സ്വദേശിയായ മുസ്ലിം മതവിഭാഗത്തിൽപ്പെട്ട മുപ്പത്തിയൊന്നുകാരൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
.......................................
സംസ്ഥാനത്തെ 10 ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലികൾ നൽകുമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഘരാവോ ചെയ്യുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രശാന്ത് കിഷോറിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റിൽ 'മഹാഗത്ബന്ധൻ' സർക്കാർ രൂപീകരിച്ചതിന് ശേഷം യുവാക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്ന് പ്രശാന്ത് കിഷോർ മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചു. സർക്കാർ മേഖലയിൽ 10 ലക്ഷം പേർക്ക് ജോലി നൽകാനാണ് മഹാസഖ്യ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഗാന്ധി മൈതാനത്ത് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. ഉപമുഖ്യമന്ത്രി തേജസ്വി യാദവും തന്റെ പാർട്ടിയായ ആർജെഡി ഈ വാഗ്ദാനം പാലിക്കുമെന്ന് പറഞ്ഞിരുന്നതായി പ്രശാന്ത് കിഷോർ പറഞ്ഞു.
.......................................