കുവൈത്ത് തീപിടിത്തം: മരിച്ച 5 മലയാളികളെ തിരിച്ചറിഞ്ഞു

Update: 2024-06-12 15:33 GMT

കുവൈത്ത് മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 മരണം സ്ഥിരീകരിച്ചു. പേരുകൾ പരിശോധിച്ചതിൽ നിന്ന് 25 പേർ മലയാളികളായിരിക്കാം എന്നാണ് ആദ്യ സൂചന. 5 മലയാളികളെ തിരിച്ചറി‍ഞ്ഞു. പന്തളം സ്വദേശി ആകാശ് എസ്.നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർകോട് ചെർക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരൻ, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിങ്, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭൂനാഥ് റിചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, റെയ് മണ്ട് മഗ് പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ഇവരുടെ മറ്റു വിവരങ്ങൾ പുറത്തുവരുന്നതെയുള്ളൂ. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 35 പേരിൽ 7 പേരുടെ നില ഗുരുതരമാണ്. 5 പേർ വെന്റിലേറ്റിറലാണ്. ഇരയായവരെക്കുറിച്ച് ബന്ധുക്കൾ വിവരങ്ങൾ കൈമാറാൻ സ്ഥാനപതി കാര്യാലയം ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. നമ്പർ–+965-65505246.

കുവൈത്തിലെ മംഗഫ് ബ്ലോക്ക് നാലിൽ എൻ.ബി.ടി.സി ആന്റ് ഹൈവേ കമ്പനിയിലെ 196 ജീവനക്കാർ താമസിക്കുന്ന ആറുനില കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവത്തിൽ മലയാളികളടക്കം 49 പേർ മരിച്ചിരുന്നു. 43 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടാതെ പരിക്കേറ്റ ആറ് മലയാളികൾ ഐ.സി.യുവിൽ കഴിയുകയാണ്. നിരവധി തമിഴ്നാട്ടുകാരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ നാലുമണിയോടെയാണ് കെട്ടിടത്തിൽ തീ ആളിപ്പടർന്നത്. ഫ്ളാറ്റിൽ തീപിടിച്ചത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണെന്നാണ് സംശയിക്കുന്നത്. മരണം ഏറെയും വിഷവാതകം ശ്വസിച്ചാണെന്നും വിവരമുണ്ട്.

Tags:    

Similar News