കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട വനിതാ സബ് രജിസ്ട്രാറെ പിരിച്ചുവിട്ടു

Update: 2023-08-05 08:31 GMT

കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട മുൻ സബ് രജിസ്ട്രാരെ സർവീസിൽ നിന്ന് പരിച്ചുവിട്ടു.കോഴിക്കോട് ചേവായൂർ സബ് രജിസ്ട്രാറായിരിക്കെ വിജിലൻസ് പിടികൂടിയ പികെ ബീനയെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ഇവർ കുറ്റക്കാരിയാണെന്ന് 2020 ജൂൺ 26ന് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി കണ്ടെത്തിയതിനെ തുടർന്ന് കേസിൽ ബീന ശിക്ഷിക്കപ്പെട്ടിരുന്നു. വിജിലൻസ് പിടിയിലായത് മുതൽ ബീന സസ്പെൻഷനിലായിരുന്നു. ശിക്ഷിക്കപ്പെട്ട ശേഷവും സസ്പെൻഷൻ തുടർന്നു. ഏഴ് വർഷത്തെ കഠിന തടവും അഞ്ച് ലക്ഷത്തിലേറെ രൂപ പിഴയുമാണ് ബീനക്കെതിരെ ശിക്ഷ വിധിച്ചത്.

കേസിൽ കേരള ഹൈക്കോടതിയിൽ ബീന അപ്പീൽ സമർപ്പിച്ചിരുന്നു. റിമാന്റിൽ കഴിഞ്ഞിരുന്ന ബീന ജാമ്യത്തിലിറങ്ങിയ ശേഷം വകുപ്പുതലത്തിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി.അപ്പീൽ സമർപ്പിച്ചതിനാൽ പിരിച്ചുവിടരുതെന്നാണ് ബീന വകുപ്പിനോട് ആവശ്യപ്പെട്ട്. കേസിൽ താൻ നിരപരാധിയാണെന്നും ഇക്കാര്യം മേൽക്കോടതിയിൽ തെളിയിക്കാനാവുമെന്നും അവർ പറഞ്ഞു. എന്നാൽ ചട്ടപ്രകാരം ബീനയെ സർവീസിൽ നിന്ന് നീക്കാൻ വകുപ്പ് തലത്തിൽ തീരുമാനിക്കുകയായിരുന്നു. ബീന കുറ്റക്കാരിയല്ലെന്ന് മേൽക്കോടതി വിധിച്ചാൽ അവരെ സർവീസിൽ തിരിച്ചെടുക്കുമെന്നും ഇത് സംബന്ധിച്ച വിജ്ഞാപനം വ്യക്തമാക്കുന്നുണ്ട്.

Tags:    

Similar News