വയനാട് ഉരുൾപൊട്ടൽ; മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

Update: 2024-08-03 11:16 GMT

മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെയാണ് നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുള്ളത്.

മുണ്ടക്കൈയിലെ ദുരന്ത സ്ഥലത്തു നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളിൽ തിരിച്ചറിയാൻ കഴിയാതിരുന്ന മൂന്ന് മൃതദേഹങ്ങൾ കൽപറ്റ പൊതു ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേകം തയ്യാറാക്കിയ മാർഗ നിർദേശപ്രകാരമാണ് സംസ്കരിച്ചത്. വിവിധ മതാചാര പ്രകാരമുള്ള പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷമായിരുന്നു സംസ്കാരം നടന്നത്.

അതേസമയം, വയനാട്ടിൽ നാശം വിതച്ച ഉരുള്‍പൊട്ടലില്‍ അനാഥരായവർ ഒറ്റക്കാവില്ലെന്നാണ് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞിരിക്കുന്നത്. ലോകത്തുള്ള മലയാളികൾ ഒപ്പം നിൽക്കും. മന്ത്രിസഭാ ഉപസമിതി എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടാവുമെന്നും വയനാട് പുന:രധിവാസം സമഗ്രമായി ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News