വർക്കല ഫ്‌ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ
വർക്കലയിൽ ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകർന്നുണ്ടായ അപകടത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് ഐഎഎസ് അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തിൻറെ കാരണങ്ങൾ കണ്ടെത്തി റിപ്പോർട്ട് നൽകാനാണ് കള്കടറുടെ നിർദേശം. അപകടവുമായി ബന്ധപ്പെട്ട് ടൂറിസം ഡയറക്ടർ പിബി നൂഹ് മന്ത്രി പി എ മുഹമ്മദ് റിയാസിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ.
അപകടമുണ്ടായ ശനിയാഴ്ച്ച കേരള തീരത്ത് വലിയ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്ര പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ബീച്ചുകളിൽ ഇറങ്ങരുതെന്ന നിർദേശം അവഗണിച്ചാണ് വർക്കലയിൽ ഫ്‌ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിപ്പിച്ചത്. ഇക്കാര്യം ടൂറിസം ഡയറക്ടറുടെ റിപ്പോർട്ടിൽ ഉണ്ടാകും. കാലാവസ്ഥാ മുന്നിറിയിപ്പുള്ളപ്പോൾ ഫ്‌ലോട്ടിങ് ബ്രിഡ്ജ് നിർത്തിവെക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ വ്യവസ്ഥ ലംഘിച്ച ചെന്നൈ ആസ്ഥാനമായ ജോയ് വാട്ടർ സ്‌പോർട്‌സ് കമ്പനിക്കെതിരെ നടപടി എടുക്കാനും സാധ്യതയുണ്ട്.
ദുരന്ത നിവാരണത്തിൻറെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർക്കാണ് അപകടത്തെ പറ്റിയുള്ള അന്വേഷണ ചുമതല. ഫ്‌ലോട്ടിങ് ബ്രിഡ്ജ് നിർമിച്ചത് തീരദേശ ചട്ടങ്ങൾ ലംഘിച്ചാണെന്ന് ആരോപണമുയർന്നിരുന്നു ഇക്കാര്യത്തിലും അന്വേഷണമുണ്ടാകും. കഴിഞ്ഞ ശനിയാഴ്ച്ചയാണ് വർക്കല പാപനാശം ബീച്ചിൽ ഫ്‌ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് 15 വിനോദ സഞ്ചാരികൾ കടലിൽ വീണത്. ഇതിൽ മൂന്ന് പേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.