'ഇത് മകളുടെ സ്വപ്നം, ഓർമയ്ക്കായി ക്ലിനിക്ക് തുടങ്ങേണ്ടിവരുമെന്ന് കരുതിയില്ല'; ഡോ. വന്ദനാദാസ് മെമ്മോറിയൽ ക്ലിനിക് ഇന്ന് പ്രവർത്തനം ആരംഭിക്കും

Update: 2024-10-10 06:39 GMT

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ ഡോ. വന്ദനാ ദാസിന്റെ ഓർമയ്ക്കായി നിർമ്മിച്ച ഡോ. വന്ദനാദാസ് മെമ്മോറിയൽ ക്ലിനിക് ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കും. ക്ലിനിക്കിലെ പ്രാർത്ഥന ഹാൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. മകളുടെ സ്വപ്നമാണ് സഫലമായതെന്ന് വന്ദനയുടെ അമ്മ പ്രതികരിച്ചു. വന്ദനയുടെ പേരിൽ ഒരു ക്ലിനിക് എന്നത്തെയും ആഗ്രഹമായിരുന്നു. മകൾ ജീവിച്ചിരിക്കുമ്പോൾ ക്ലിനിക് തുടങ്ങണം എന്നായിരുന്നു ആഗ്രഹം. വന്ദനയുടെ ഓർമ്മയ്ക്കായി ക്ലിനിക് തുടങ്ങേണ്ടിവരുമെന്ന് കരുതിയില്ലെന്നും നിറകണ്ണുകളോടെ അമ്മ പറഞ്ഞു.

മകളുടെ ഓർമ്മയ്ക്കായി വന്ദനയുടെ മാതാപിതാക്കളാണ് പല്ലനയാറിന്റെ തീരത്ത് ക്ലിനിക് പണിതത്. അമ്മ വീടിനടുത്ത് ഒരു ആശുപത്രി വന്ദനയുടെ സ്വപ്നമായിരുന്നുവെന്ന് സുഹൃത്തുകളും പറയുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകീട്ട് 4ന് ആശുപത്രി ഉദ്ഘാടനം ചെയ്യും. ക്ലിനികിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. മിതമായ നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്ദനയുടെ പേരിൽ രക്ഷിതാക്കളായ കെ.ജി മോഹൻദാസും വസന്തകുമാരിയും ചേർന്നു ക്ലിനിക് തുടങ്ങുന്നത്.

ദിവസവും രാവിലെയും വൈകിട്ടുമായി ഓരോ ഡോക്ടർമാർ ഒപിയിൽ ഉണ്ടാകും. മാസത്തിലൊരിക്കൽ പ്രമുഖ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. വന്ദനയുടെ സുഹൃത്തുക്കളും രോഗികളെ ചികിത്സിക്കാൻ എത്തുമെന്നു രക്ഷിതാക്കൾ പറഞ്ഞു. ലാബ്, ഫാർമസി തുടങ്ങിയ സൗകര്യങ്ങളും ക്ലിനിക്കിൽ ഉണ്ട്. ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം പൂർണമായും വന്ദനയുടെ വീട്ടുകാർ തന്നെയാണു നൽകുന്നത്.

2023 മെയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പൊലീസ് എത്തിച്ച കുടവട്ടൂർ സ്വദേശി സന്ദീപിന്റെ അക്രമണത്തിലാണ് ഹൗസ് സർജൻസി വിദ്യാർഥിയായിരുന്ന വന്ദന കൊല്ലപ്പെട്ടത്. സന്ദീപിന് പരമാവധി ശിക്ഷ ലഭിക്കുന്നതും കാത്തിരിക്കുകയാണ് ഈ മാതാപിതാക്കൾ. മകൾക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം അവളുടെ സ്വപ്നങ്ങളും നെഞ്ചോട് ചേർക്കുകയാണവർ.

Tags:    

Similar News