മുഖ്യമന്ത്രിയെ വിളിക്കാൻ തീരുമാനിച്ചത് മുതിർന്ന നേതാക്കൾ; വിവാദം വേണ്ടെന്ന് വി ഡി സതീശൻ

Update: 2023-07-24 09:09 GMT

കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിനെ ചൊല്ലി വിവാദം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുതിർന്ന നേതാക്കളുടെ അഭിപ്രായം കേട്ട ശേഷമാണ് മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകും പക്ഷെ, തീരുമാനം എടുത്താൽ പിന്നെ ഒറ്റക്കെട്ടാണ്. കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ ഒറ്റെക്കെടുത്ത തീരുമാനം അല്ല ഇതെന്നും മറുപടി പറയേണ്ടതെല്ലാം പറയേണ്ട സമയത്ത് പറയുമെന്നും വി ഡി സതീശൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ വേട്ടയാടിയ കാര്യം ജനങ്ങളുടെ മനസിലുണ്ടാകുമെന്നും രാഷ്ട്രീയ വേദികളിൽ അത് ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടി അനുസ്മരണത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതിൽ കോൺഗ്രസിൽ കടുത്ത അതൃപ്തിയുണ്ട്. ഉമ്മൻചാണ്ടി അനുസ്മരണത്തിനായി പിണറായി വിജയനെ വിളിക്കേണ്ടിയിരുന്നില്ല എന്ന അഭിപ്രായത്തിനാണ് കോൺഗ്രസിൽ മുൻതൂക്കം. സോളാർ കേസിൽ ഇടതുനേതാക്കളിൽ ചിലരും പാർട്ടിപത്രത്തിൻറെ തലപ്പത്തുണ്ടായിരുന്നയാളും കുറ്റസമ്മതം നടത്തിയിട്ടും പിണറായി നിലപാട് മാറ്റിയിട്ടില്ലെന്നും ഉമ്മൻചാണ്ടിയെ ഏറ്റവും അധിക്ഷേപിച്ച നേതാവാണ് പിണറായിയെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ദർബാർ ഹാളിൽ എത്തിയെങ്കിലും ഉമ്മൻചാണ്ടിയുടെ വീട്ടിലോ സംസ്‌കാര ചടങ്ങിനോ മുഖ്യമന്ത്രി വന്നില്ലയെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു. അതേസമയം മുതിർന്ന നേതാക്കളിൽ ചിലരുടെ സമ്മർദമാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ കാരണമെന്ന് കെപിസിസി നേതൃത്വം വിശദീകരിക്കുന്നു. ഉമ്മൻചാണ്ടിയുട കുടുംബാംഗങ്ങൾക്കും താല്പര്യമുണ്ടായിരുന്നു. അനുസ്മരണത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നുമാണ് നിലപാട്.

Tags:    

Similar News