ഭിന്നശേഷിക്കാർക്കും 85 പിന്നിട്ടവർക്കും വീടുകളിൽ വോട്ടു ചെയ്യാൻ സൗകര്യം വേണം: കത്തുമായി വി ഡി സതീശൻ

Update: 2024-03-27 07:47 GMT

വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ 85 വയസു പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടിയുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ ഐഎഎസിന് കത്ത് നൽകി.

വീട്ടിൽ വോട്ടു ചെയ്യുന്നവരുടെ പ്രായം സ്ഥിരീകരിക്കുന്നതിനു തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധികാരിക രേഖയാക്കുന്നതിനു പകരം ആധാർ ഉൾപ്പെടെയുള്ള മറ്റ് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്ന രീതി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. വോട്ടിങ് സമയക്രമം യുഡിഎഫ് സ്ഥാനാർഥികളുടെ ഏജന്റുമാരെ അറിയിക്കാത്ത സംഭവങ്ങളുമുണ്ടായി. സീൽഡ് കവറുകൾ ഉപയോഗിച്ചില്ലെന്ന ആരോപണവും ഉയർന്നിരുന്നു. വോട്ടിങ് പ്രക്രിയ സുതാര്യവും സത്യസന്ധവുമാക്കുന്നതിനു വേണ്ടി വോട്ടിങ് സമയക്രമം സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ഏജന്റുമാരെ മുൻകൂട്ടി അറിയിക്കാനും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന് ഉറപ്പാക്കാനും നടപടി സ്വീകരിക്കണം. സീൽഡ് കവറുകൾക്ക് പകരം തപാൽ വോട്ടുകൾ ബാലറ്റ് പെട്ടികളിൽ തന്നെ സൂക്ഷിക്കാൻ കർശന നിർദ്ദേശം നൽകണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News