തൃശൂർ പൂരം: മദ്യക്കടകളും ബാറുകളും അടച്ചിടാനുള്ള സമയത്തിൽ കുറവ് വരുത്തി ഹൈക്കോടതി
തൃശൂർ പൂരം പ്രമാണിച്ച് ബാറുകളും മദ്യക്കടകളും കള്ളുഷാപ്പുകളും അടച്ചിടാനുള്ള സമയത്തിൽ കുറവ് വരുത്തി ഹൈക്കോടതി. പൂരം നടക്കുന്ന 19ന് (ഇന്ന്) വെളുപ്പിനെ 2 മണി മുതൽ 20 ശനി ഉച്ചകഴിഞ്ഞ് 2 മണി വരെ തൃശൂർ താലൂക്കിലെ മദ്യക്കടകളും ഷാപ്പുകളും ബാറുകളും അടച്ചിടാനായിരുന്നു ജില്ലാ കലക്ടറുടെ ഉത്തരവ്. എന്നാൽ അടച്ചിടുന്ന സമയം ശനിയാഴ്ച രാവിലെ 10 മണി വരെയാക്കി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഉത്തരവിട്ടു.
രണ്ടു ദിവസത്തോളം ഇവ അടച്ചിടുന്നത് വലിയ നഷ്ടം വരുത്തി വയ്ക്കുന്നുവെന്ന് കാണിച്ച് സുരേഷ് കുമാർ കെ.ആർ എന്നയാൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ലൈസൻസ് ഫീ ഇനത്തിൽ വലിയ തുക ചെലവഴിക്കുന്നവർക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. ഇക്കാര്യത്തിൽ പരാതിക്കാർക്ക് ആവശ്യമെങ്കിൽ സർക്കാരിനെ സമീപിക്കുന്നതിന് തടസ്സമില്ല. എന്നാൽ തൃശൂർ പൂരം കേരളത്തിലെ ഏറ്റവും വലിയ ഉത്സവമാണ്, ആയിരക്കണക്കിന് പേരാണ് ഇതിനായി ഒത്തു ചേരുന്നത്. ഈ സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി.