സ്കൂട്ടറിൽ നിന്ന് യുവതിയെ വലിച്ചു താഴെയിട്ടു; തിരുവല്ലയിൽ മദ്യപന്റെ പരാക്രമം
തിരുവല്ലയിൽ യുവതിയെ ബൈക്കിൽനിന്നു വലിച്ചു താഴെയിട്ട് മദ്യപന്റെ പരാക്രമം. കൈപിടിച്ചു തിരിക്കാനും ശ്രമിച്ചു. പൊലീസ് പിടിയിലായ പ്രതിയെ തിരുവല്ല ഗവ.ആശ്രുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോകാനായി ജീപ്പിൽ കയറ്റിയപ്പോൾ യുവതിയുടെ ബന്ധുക്കൾ കൈകാര്യം ചെയ്തു.
ആശുപത്രിയിൽ വച്ചും പ്രതിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമമുണ്ടായി. പൊലീസ് സ്റ്റേഷനിൽ ബഹളം വച്ചശേഷം പുറത്തിറങ്ങിയ ആളാണ് ആക്രമിച്ചത്. വാഹനത്തിൻറെ താക്കോൽ ഊരിയശേഷം പെൺകുട്ടിയുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു. വേങ്ങൽ സ്വദേശിനിയായ യുവതിയുടെ കൈയ്ക്കും താടിക്കും പരുക്കുണ്ടെന്നു പൊലീസ് പറഞ്ഞു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
മദ്യപിച്ചാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷനിലെത്തി, പൊലീസിനെയടക്കം അസഭ്യം പറഞ്ഞതിന് ശേഷമാണ് ഇയാൾ തിരുവല്ല നഗരത്തിലേക്ക് എത്തുന്നത്. പൊലീസ് ഇയാളെ ബൈക്ക് പിടിച്ചു വെച്ചതിന് ശേഷം സ്റ്റേഷനിൽ നിന്ന് പറഞ്ഞുവിടുകയായിരുന്നു. തുടർന്നാണ് ഇയാൾ സ്കൂട്ടറിലെത്തിയ യുവതിയെ ആക്രമിക്കുന്നത്.