ദിവസങ്ങളായി വയനാട് വാകേരിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി വിലസിയിരുന്ന നരഭോജി കടുവ ഒടുവിൽ കൂട്ടിലായി. കൂടല്ലൂർ കോളനി കവലയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്.
വയനാട് വാകേരിയിൽ ഒമ്പത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് വനം വകുപ്പ് കടുവയെ പിടികൂടിയത്. കലൂർകുന്നിൽ കടുവയ്ക്കായി കൂട് സ്ഥാപിച്ചെങ്കിലും പിടിതരാതെ കറങ്ങി നടക്കുകയായിരുന്നു. യുവകർഷകൻ പ്രജീഷിനെ കടുവ കൊല്ലപ്പെടുത്തിയിരുന്നു. ഇന്നലെ സ്ഥാപിച്ച കൂടിന് സമീപം കടുവ എത്തിയിരുന്നെങ്കിലും ആളുകളെ ആക്രമിക്കാൻ ശ്രമിക്കുകയാണുണ്ടായത്.
വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ച് കടുവ ഇരുട്ടിൽ മറഞ്ഞു. അഞ്ച് കൂടുകളും 35 ക്യാമറകളുമാണ് പ്രദേശത്ത് സ്ഥാപിച്ചിരുന്നത്. വളർത്തുമൃഗത്തെ പിടികൂടി കൊല്ലുകയും പകൽ സമയത്ത് കടുവയെ കാണുകയും ചെയ്തതോടെ പ്രദേശവാസികൾ വലിയ ഭീതിയിലായിരുന്നു.