നാലാം ലോക കേരള സഭയ്ക്ക് നാളെ തുടക്കം ; 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ 351 അംഗങ്ങൾ

Update: 2024-06-12 09:53 GMT

നാലാം ലോക കേരള സഭയ്ക്ക് നാളെ (ജൂൺ 13) തുടക്കം കുറിക്കുകയാണ്. ജൂൺ 15 വരെ തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിൽ നടക്കുന്ന സഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങൾ പങ്കെടുക്കും. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും സാധ്യമാക്കുക, നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി പ്രവാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക, അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനും ആയുള്ള പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങി വിപുലമായ ലക്ഷ്യങ്ങളാണ് ലോക കേരള സഭയ്ക്കുള്ളത്.

ഓരോ തവണയും ലോക കേരള സഭയിലേയ്ക്ക് കൂടുതൽ പ്രവാസികൾ എത്തുകയാണ്. കഴിഞ്ഞ തവണ 63 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ആണുണ്ടായിരുന്നതെങ്കിൽ ഇത്തവണയത് 100 ആയി ഉയർന്നു. മറ്റു രാജ്യങ്ങളിൽ സ്ഥിരതാമസം ആക്കിയ പ്രവാസികളും നാടും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ ഈ ഉദ്യമത്തിന് വലിയ പങ്കു വഹിക്കാൻ സാധിക്കുന്നുണ്ട്. നാടിന്റെ വികസനത്തിൽ നിർണ്ണായക സംഭാവന നൽകുന്ന പ്രവാസികളെ ഭരണനിര്‍വഹണത്തിനൊപ്പം ചേര്‍ത്തുനിര്‍ത്തുന്ന ജനാധിപത്യ സംവിധാനമായി ലോക കേരള സഭ വർത്തിക്കുന്നു.

കേരള സമ്പദ്ഘടനയിൽ സുപ്രധാന പങ്കുള്ള പ്രവാസി സമൂഹത്തിന് ഒരു ആഗോള സംഗമ വേദി നടത്തുക എന്നത് അനിവാര്യമാണ്. നാടിന് അഭിവൃദ്ധിയേകുന്നവര്‍ക്ക് ഭരണനിര്‍വഹണത്തില്‍ പങ്കാളിത്തമില്ലാത്ത ദുരവസ്ഥയ്ക്ക് ഒരുപരിധി വരെ പരിഹാരം കാണാൻ സഹായിക്കുന്ന ലോക കേരള സഭയ്ക്ക് സാധ്യമാകുന്നതില്‍ ഏറ്റവും തുച്ഛമായ തുകയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. മൂന്നാം ലോക കേരള സഭാ നടത്തിപ്പിനായി ബജറ്റില്‍ നീക്കിവെച്ചിരുന്ന തുകയിൽ മൂന്നിലോന്ന് മാത്രമാണ് ചെലവായത്. ഒന്നാം ലോക കേരള സഭയ്ക്ക് ശേഷം നടന്ന രണ്ട് സമ്മേളനങ്ങളിലും ലോക രാജ്യങ്ങളില്‍ നിന്നും എത്തിച്ചേരാനുള്ള വിമാന ടിക്കറ്റുകൾ പ്രതിനിധികള്‍ സ്വയം വഹിക്കുകയാണ്.

ഒരു സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാത്ത സമാനതകളില്ലാത്ത പ്രവാസ നയരൂപീകരണ പ്രക്രിയ ആണ് കേരള സർക്കാർ നടത്തുന്നത്. ലോക കേരള സഭ അതിന്റെ വിജയത്തിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. പ്രവാസികളുടേയും സംസ്ഥാനത്തിന്റെയും പുരോഗതിയിൽ ഇത്തവണത്തെ ലോക കേരള സഭയ്ക്ക് ക്രിയാത്മകമായ നിർദ്ദേശങ്ങളും ഇടപെടലുകളും നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    

Similar News