'ജനങ്ങൾക്ക് മുഖ്യമന്ത്രിയെ പേടിയാണ്'; മറിയക്കുട്ടിയെ സന്ദർശിച്ച് സുരേഷ് ഗോപി

Update: 2023-11-17 05:20 GMT

ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരേ ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങിയ മറിയക്കുട്ടിയെ കാണാൻ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി നേരിട്ടെത്തി. വെള്ളിയാഴ്ച രാവിലെ 8.30-നായിരുന്നു സന്ദർശനം. കഴിഞ്ഞ ദിവസങ്ങളിൽ സുരേഷ് ഗോപിയുടെ കേസുമായി ബന്ധപ്പെട്ട വിഷയവും മറിയക്കുട്ടി ചാനൽ ചർച്ചകളിൽ ഉന്നയിച്ചിരുന്നു.

കേന്ദ്രത്തിന്റെ കാശ് എവിടെ പോകുമെന്ന് താൻ ചോദിക്കുമെന്ന് മറിയക്കുട്ടി സുരേഷ് ഗോപിയോട് പറഞ്ഞു. ബി.ജെ.പിയെ കുറ്റം പറഞ്ഞ് കള്ളക്കടത്ത് നടത്തുന്നു. തനിക്ക് മഞ്ഞ കാർഡ് ഇല്ല. അത് സി.പി.എം-കാർക്കുള്ളതാണ്. ജനങ്ങൾക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഇതുപോലെ ഒരു മുഖ്യമന്ത്രിയെ താൻ കണ്ടിട്ടില്ല. മടുത്തിട്ടാണ് ഇക്കാര്യം പറയുന്നതെന്നും മറിയക്കുട്ടി ആരോപിച്ചു.

പെട്രോൾ അടിക്കുമ്പോൾ രണ്ട് രൂപ അധികം പിരിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി മറിയക്കുട്ടിയോട് പറഞ്ഞു. ഇത് പാവങ്ങൾക്കുള്ള പെൻഷൻ നൽകാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ഇനിയങ്ങോട്ട് ആ രണ്ട് രൂപ നൽകില്ലെന്ന് ജനങ്ങൾ തീരുമാനിക്കണം. ഇന്ത്യൻ ഓയിൽ അടക്കമുള്ള കമ്പനികൾക്ക് വിഷയം ചൂണ്ടിക്കാട്ടി കത്തെഴുതണം. ഈ സർക്കാർ വിശ്വസിക്കാനാവില്ലെന്ന് വ്യക്തമാക്കണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

ക്ഷേമപെൻഷൻ ലഭിക്കാൻ കാലതാമസം വന്നതിനെത്തുടർന്ന് മറിയക്കുട്ടിയും (87), അന്ന ഔസേപ്പും (80) കഴിഞ്ഞയാഴ്ചയാണ് അടിമാലിയിൽ ഭിക്ഷയാചിച്ച് സമരം ചെയ്തത്.

Tags:    

Similar News