'പദയാത്ര നടത്തിയത് നാടകമാക്കുന്നവർക്ക് കമ്യൂണിസത്തിന്റെ തിമിരം'; സുരേഷ് ഗോപി

Update: 2023-10-03 09:14 GMT

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ പദയാത്ര വളരെ നേരത്തെ തീരുമാനിച്ചതെന്ന് സുരേഷ് ഗോപി. അതിനുശേഷമാണ് കേസിൽ ഇ.ഡി ഇടപെട്ടത്. തൃശൂരിൽ സുരേഷ് ഗോപിക്ക് ഇ.ഡി കളമൊരുക്കുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനിയും ആറു മാസമുണ്ട്. അതിനാൽ പദയാത്ര നാടകമാണെന്നു പറയുന്നവർ കമ്യൂണിസത്തിൻറെ തിമിരം ബാധിച്ചവരെന്നും സുരേഷ് ഗോപി പറഞ്ഞു.

'അത് അവരുടെ രാഷ്ട്രീയ മൂല്യങ്ങളുടെ, പ്രത്യയശാസ്ത്രങ്ങളുടെ പ്രശ്‌നമാണ്. കമ്യൂണിസമല്ല, ലോകത്തിന് എപ്പോഴും ആവശ്യം സോഷ്യലിസമാണെന്നു ഞാൻ വിശ്വസിക്കുന്നു. അവർക്ക് സോഷ്യലിസമില്ല; കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചിരിക്കുകയാണ്. ഞാൻ ടിയാനൻമെൻ സ്‌ക്വയറിനെക്കുറിച്ചും യുഎസ്എസ്ആറിനെക്കുറിച്ചുമൊക്കെ പറയണോ? അത് ആദ്യം സംഭവിക്കേണ്ടത് ഇവിടെയായിരുന്നു, അതു ബംഗാളിൽ സംഭവിച്ചു. അതു സംഭവിച്ചോളും. ആ രാഷ്ട്രീയം വിട്ടേക്കൂ.

ഇ.ഡി വന്നശേഷമല്ല കരുവന്നൂരിനു പിന്നാലെ ഞാൻ വരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മാവേലിക്കര ബാങ്കിനു മുന്നിൽ ജലപാനമില്ലാതെ ഉണ്ണാവ്രതമിരുന്നു. എന്റെ പങ്കാളിത്തം അതാണ്. കൊട്ടിയൂരും കൊട്ടിയത്തും ഇതുപോലെ പദയാത്ര നടത്തിയിരുന്നു. അന്ന് എനിക്ക് രാഷ്ട്രീയ പിൻബലമില്ല. പക്ഷേ മനുഷ്യരുടെ പിൻബലം ഉണ്ടായിരുന്നു. ഒരു ഗ്രാമം മുഴുവനാണ് എന്റെ കൂടെ വന്നത്. അതു കഴിഞ്ഞ് പാമ്പാടിയിലേക്ക് പോകുമെന്നാണ് പറഞ്ഞത്. പക്ഷേ അപ്പോഴേയ്ക്കും ഞാൻ ചെല്ലണ്ട, ഞങ്ങൾ പരിഹരിക്കുന്നു എന്ന് അറിയിച്ചു.

ഒരു വർഷം മുൻപ് സൂചന കൊടുത്ത് കാത്തിരുന്നശേഷമാണ് പദയാത്രയ്ക്കായി വന്നത്. ഞാൻ വരുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് ഇ.ഡി.വന്നത്. അതുകൊണ്ട് ഈ പറയുന്നവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലുള്ള അവശേഷിക്കുന്ന വിശ്വാസം കൂടി നഷ്ടപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആറു മാസം കഴിഞ്ഞല്ലേ. ഇതു നാടകമാണെങ്കിൽ ഇതിനു മുൻപ് നടന്നതെല്ലാം നാടകമല്ലേ. അതെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാടകമാണെന്ന് നിങ്ങൾ അങ്ങ് പറഞ്ഞേക്ക്.'' സുരേഷ് ഗോപി പറഞ്ഞു.

Tags:    

Similar News