തൃശൂരിലെ കാട്ടാനയെ കൊന്ന് കൊമ്പെടുത്തതിനു പിന്നിൽ ആറംഗ സംഘം; പ്രതികളെ പിടികൂടാൻ ഊർജിത നീക്കം

Update: 2023-07-15 07:58 GMT

തൃശൂരിൽ കാട്ടാനയെ കൊന്ന് കൊമ്പെടുത്ത് കുഴിച്ചുമൂടിയ സംഭവത്തിൽ ആറ് പേരുണ്ടായിരുന്നതായി മൊഴി. ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖിലിൽ മോഹന്റേതാണ് മൊഴി. കൂടാതെ രണ്ട് പേരുടെ പേരുവിവരങ്ങൾ കൂടി അഖിൽ വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ ആറംഗ സംഘത്തിൽ മൂന്ന് പേരെ തനിക്ക് അറിയില്ലെന്നും അഖിൽ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. പ്രതികൾക്കായി വനംവകുപ്പ് തെരച്ചിൽ തുടരുകയാണ്. അഖിലിന് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളതാണ് അന്വേഷണത്തിൽ നിർണായകമായത്.

അതിനിടെ, കാട്ടുപന്നി ഉൾപ്പെടെ വന്യമൃഗശല്യം തടയാൻ റബർ തോട്ടത്തിൽ കെട്ടിയ കമ്പിയിൽ നിന്നാണ് ആനക്ക് ഷോക്കേറ്റതെന്ന് സ്ഥിരീകരിച്ചു. ഷോക്കേറ്റതിനെ തുടർന്ന് ആനയുടെ താടിയെല്ലിൽ പരിക്കേറ്റതായും കണ്ടെത്തിയിട്ടുണ്ട്. വടക്കാഞ്ചേരിയിൽ കൊലപ്പെടുത്തി കൊമ്പെടുത്ത് കുഴിച്ചുമൂടിയ കാട്ടാനയുടെ ജഡാവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം വനം വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെടുത്തിരുന്നു. അകമല വനത്തിന്റെ അടിവാരത്ത് വാഴക്കോട് സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിൽ നിന്നാണ് കാട്ടാനയുടെ ജഡം കണ്ടെടുത്തത്. ജഡം പുറത്തെടുത്തപ്പോൾ ഒരു കൊമ്പ് നഷ്ടപ്പെട്ട നിലയിലായിരുന്നു.

Tags:    

Similar News