നടി ലെനയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ; ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണെന്ന വാദം നുണയോ ?

Update: 2023-11-02 08:00 GMT

സിനിമാ നടി ലെനയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌സ്‌ കേരള റീജിയൺ. ലെന ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌ ആണെന്ന വ്യാജേന പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ വസ്തുതാ വിരുദ്ധവും ക്ലിനിക്കൽ സൈക്കോളജിയെപ്പറ്റിത്തന്നെ തെറ്റായ ധാരണകൾ സൃഷ്‌ടിക്കാനും ഇടവരുത്തുന്നതുമാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌സ്‌ കേരള റീജിയൺ ചൂണ്ടിക്കാട്ടി.

ലെന ഒരു അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌ അല്ലെന്ന്‌ അന്വേഷണത്തിൽ വ്യക്തമായി. മെന്റൽ ഹെൽത്ത് കെയർ ആക്ട് പ്രകാരം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആകാനുള്ള വിദ്യാഭ്യാസ യോഗ്യതയോ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ്‌ ഇന്ത്യാ രജിസ്‌ട്രേഷനോ ഇല്ല. അവർ പറയുന്ന അഭിപ്രായങ്ങൾക്ക്‌ ക്ലിനിക്കൽ സൈക്കോളജി രംഗത്തെ വൈദഗ്‌ധ്യവുമായോ വിശ്വാസങ്ങളുമായോ യാതൊരു ബന്ധവുമില്ല. അവരുടെ പ്രസ്‌താവനകൾക്ക്‌ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റുകൾക്കോ അസോസിയേഷനോ ഒരു ഉത്തരവാദിത്തവുമില്ല. ക്ലിനിക്കൽ സൈക്കോളജി അടക്കം ഏത്‌ ആരോഗ്യ മേഖലയിലെയും പ്രശ്‌നങ്ങൾക്ക്‌ പരിഹാരം തേടുന്നവർ ആ രംഗത്ത്‌ കൃത്യമായ യോഗ്യതയുള്ള യഥാർഥ പ്രൊഫഷണലുകളെ സമീപിക്കണമെന്നും സംസ്‌ഥാന പ്രസിഡന്റ് ഡോ. എ ശ്രീലാലും ജനറൽ സെക്രട്ടറി ഡോ. വി. ബിജിയും അഭ്യർഥിച്ചു. കേരളത്തിലെ ക്ലിനിക്കൽ സൈക്കോളജി രംഗത്തിന്റെ ധാർമ്മികതയും നിലവാരവും ഉയർത്തിപ്പിടിക്കാനാണ്‌ ഇത്തരത്തിലൊരു പ്രസ്‌താവന തങ്ങൾ ഇറക്കുന്നത് എന്നും അവർ വ്യക്തമാക്കി. 

Tags:    

Similar News