ഷിരൂരിൽ മണ്ണിടിച്ച് മലയാളി ലോറി ഡ്രൈവർ അർജുനെ കാണാതായ സംഭവത്തിൽ ഗംഗാവാലി പുഴയിലെ തിരച്ചിൽ തുടരാനായി ഡ്രഡ്ജർ എത്തിച്ചു. മണ്ണിടിച്ചിൽ അപകടമുണ്ടായ സ്ഥലം ലക്ഷ്യമാക്കി ഡ്രഡ്ജർ പുഴയിലൂടെ പുറപ്പെട്ടു. രണ്ട് പാലങ്ങളുടെ അടിയിലൂടെ കടന്നു വേണം ഡ്രഡ്ജർ മൺകൂനകളുള്ള സ്ഥലത്തെത്തിക്കാൻ. ഇതിനേകദേശം ഒരു മണിക്കൂർ സമയം വേണ്ടിവരും. അവിടെയെത്തിയ ശേഷം, നേരത്തെ നാവികസേന ലോഹസാന്നിധ്യം കണ്ടെത്തിയ സ്ഥലത്തെ മണ്ണും കല്ലും നീക്കം ചെയ്യുന്ന പ്രവൃത്തിയാരംഭിക്കും. ഇത് നീക്കം ചെയ്യുന്നതോടെ ലോറിയുടെ സാന്നിധ്യം കണ്ടെത്താനാവുമെന്നാണ് ഡ്രഡ്ജർ കമ്പനി വിശ്വസിക്കുന്നത്. നാളെ രാവിലെ മുതൽ കല്ലും മണ്ണും നീക്കം ചെയ്യും.
മണ്ണിടിച്ചിലിനെ തുടർന്ന് പുഴയിൽ നാലോ അഞ്ചോ ഇടത്ത് വലിയ മൺകൂനകൾ രൂപപ്പെട്ടിട്ടുണ്ട്. ഇവ നീക്കം ചെയ്താൽ പുഴയുടെ സ്വാഭാവിക ഒഴുക്ക് തിരികെക്കൊണ്ടുവരാനാവും. മണ്ണ് നീക്കുമ്പോൾ ലോറിയും കാണാനാകും. രണ്ട് മൂന്നുദിവസത്തിനകം പുഴയിലടിഞ്ഞ മണ്ണും കല്ലും മരങ്ങളും പൂർണമായും നീക്കാനാവും എന്നാണ് പ്രതീക്ഷ. ഇന്ന് രാത്രിയോടെ ഡ്രഡ്ജർ ഇവിടെ സ്ഥാപിക്കും. നാളെ രാവിലെയോടെ മണ്ണുമാറ്റൽ തുടങ്ങും. ഇവ പൂർണമായും മാറ്റിയാലേ തിരച്ചിൽ സാധ്യമാവൂ എന്നാണ് നാവികസേനയിലെയടക്കം മുങ്ങൾവിദഗ്ധർ വ്യക്തമാക്കിയിരുന്നത്. ഓരോ ഭാഗത്തും പുഴയുടെ ആഴം പരിശോധിച്ചാണ് ഡ്രഡ്ജർ നീങ്ങുന്നത്.
ഇന്ന് രാവിലെ പത്തരയോടെയാണ് ഷിരൂർ അഴിമുഖത്തേക്ക് കാർവാറിൽനിന്ന് ഡ്രഡ്ജർ എത്തിച്ചത്. വേലിയിറക്ക സമയം മാത്രമേ പാലത്തിനടിയിലൂടെ ഡ്രഡ്ജറിന് കടന്നുപോവാനാകൂ എന്നതിനാലാണ് വൈകുന്നേരം വരെ കാത്തുനിന്നത്. അർജുനായി കരയിലും പുഴയിലും പലതവണ വിവിധ സേനകളും മുങ്ങൽവിദഗ്ധരും തിരച്ചിൽ നടത്തിയിരുന്നെങ്കിലും യുവാവ് ഇപ്പോഴും കാണാമറയത്താണ്.