മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാ പരിശോധന, ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാപരിശോധന നടത്തും. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കേരളത്തിന്റെ നിരന്തര ആവശ്യമായിരുന്നു വിശദമായ അണക്കെട്ട് സുരക്ഷാപരിശോധന. ഇതിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ട സമിതിയുടെ പതിനെട്ടാമത് യോഗമാണ് തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ കേന്ദ്ര ജലക്കമ്മിഷന്‍ ആസ്ഥാനത്ത് രാകേഷ് കശ്യപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നത്. സുരക്ഷാ പരിശോധന 2012 ലെ ഡാം സുരക്ഷാ നിയമപ്രകാരം നടത്തിയാല്‍ മതിയെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം. ഇത് തള്ളിക്കൊണ്ടാണ് കമ്മിറ്റിയുടെ തീരുമാനം.
2011ല്‍ സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയാണ് ഇതിന് മുമ്പ് ഇതുപോലൊരു സുരക്ഷാ പരിശോധന നടത്തിയത്. സ്വതന്ത്ര വിദഗ്ധന്‍മാര്‍ സമിതിയില്‍ ഉണ്ട്. കേരളത്തിന്റെ അജണ്ട കൂടി ഉള്‍പ്പെടുത്തി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല്‍ സുരക്ഷ എന്നിവ പരിശോധിക്കും. ഇതിന്റെ ഭാഗമായി അണക്കെട്ടിലും മറ്റ് വിദഗ്ധ സ്ഥാപനങ്ങളിലും നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനം കൈക്കൊള്ളും.