ഓണത്തിന് വീട്ടുമുറ്റങ്ങളിലും ഓഫിസുകളിലും പൂക്കളങ്ങള്‍ നിറയുമ്പോള്‍ മനസ്സും പോക്കറ്റും നിറയുന്നത് അങ്ങ് തമിഴ്‌നാട്ടില്‍ ഉള്ളവര്‍ക്കാണ്. പത്തു ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍നിന്ന് 40-50 കോടി രൂപയുടെ പൂക്കള്‍ കേരളത്തില്‍ എത്തുമെന്നാണ് കണക്ക്. ഇപ്പോള്‍ കേരളത്തിലും പൂ കൃഷി വ്യാപകമായതോടെ തമിഴ്‌നാട്ടില്‍നിന്നുള്ള വരവിന് കുറവുണ്ടായിട്ടുണ്ട്.
നമുക്ക് ഏറെ അടുത്തുള്ള തോവാള മാര്‍ക്കറ്റില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പൂക്കള്‍ ഇവിടേക്ക് എത്തുന്നത്. തമിഴ്‌നാട്ടിലെ വിവിധ കൃഷിയിടങ്ങളില്‍നിന്നും മറ്റു മാര്‍ക്കറ്റുകളില്‍നിന്നും തോവാളയിലേക്കു പൂക്കള്‍ ഒഴുകും. മുല്ലപ്പൂ ആണ് ഇവിടെ പ്രധാനം. തോവാളയിലും സമീപ പ്രദേശങ്ങളായ ചെമ്പകരാമന്‍പുതൂര്‍, കുമാരപുരം, പഴവൂര്‍, പണക്കുടി എന്നിവിടങ്ങളിലാണ് മുല്ല, പിച്ചി കൃഷിയുള്ളത്. സേലം, മധുര, ഡിണ്ടിഗലിലെ നിലക്കോട്ട, ഹൊസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് റോസ്, മുല്ല എന്നിവ വരുന്നത്.
അത്തം മുതല്‍ തിരുവോണം വരെയുള്ള 10 ദിവസങ്ങള്‍ തോവാള തിരക്കിലാകും. ഇക്കുറി അത്തത്തിന്റെ തലേന്ന് കേരളത്തില്‍നിന്ന് ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ തോവാളയില്‍ പൂ വാങ്ങാന്‍ എത്തിയിരുന്നു. വിനായകചതുര്‍ഥി ദിനത്തിലും ഏറ്റവും അധികം വിവാഹങ്ങള്‍ നടന്ന സെപ്റ്റംബര്‍ 7 ഞായറാഴ്ചയും പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറി. ഇക്കുറി മീനം, മേടം മാസങ്ങളില്‍ പൂക്കള്‍ക്ക് ഉയര്‍ന്ന വിലയായിരുന്നു. ഉല്‍പാദനം കുറഞ്ഞതിനെത്തുടര്‍ന്ന് പൂക്കളുടെ വരവ് കുറവായിരുന്നു.
ഉല്‍പാദനം കൂടിയതിനാല്‍ ധാരാളം പൂക്കള്‍ മാര്‍ക്കറ്റില്‍ എത്താറുണ്ടെന്നും അതിനാല്‍ വിലയില്‍ വലിയ വര്‍ധന ഉണ്ടായിട്ടില്ലെന്നും വ്യാപാരികള്‍ പറയുന്നു. മുല്ല കിലോ–700 രൂപ, പിച്ചി - 600 രൂപ. ക്രേന്തി മഞ്ഞ ഒരു കിലോ - 35 രൂപ, ക്രേന്തി ഓറഞ്ച് 45, ജമന്തി മഞ്ഞ - 150, ജമന്തി വെള്ള - 200, വാടാമല്ലി - 150, അരളി പിങ്ക് -80, അരളി വെള്ള -250, അരളി ചുവപ്പ് 250 രൂപ എന്നിങ്ങനെയാണ് വില.
തോവാളയ്ക്കു പുറമേ ഹൊസൂര്‍, കൃഷ്ണഗിരി (റോസ, ജമന്തി), സേലം (അരളി ചുവന്നതും വെള്ളയും), നീലഗിരി (റോസ, ജമന്തി) കോയമ്പത്തൂര്‍ (ചെമ്പരത്തി, ബന്ദി, റോസ), ഡിണ്ടിഗല്‍ (റോസ, ജമന്തി, വാടാമുല്ല, അരളി), മധുര (ബന്ദി, ജമന്തി, വാടാമുല്ല), തേനി (വാടാമുല്ല, അരളി, പനീര്‍ റോസ്, ബന്ദി), ശങ്കരന്‍ കോവില്‍ (മുല്ലപ്പൂര്‍, വാടാമുല്ല, ബന്ദി), തെങ്കാശി (വാടാമുല്ല, അരളി, ജമന്തി) എന്നിവിടങ്ങളില്‍നിന്നാണ് കൂടുതലായി പൂക്കള്‍ കേരളത്തിലേക്ക് എത്തുന്നത്.