അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച; 83,000 രൂപയും രണ്ട് ഗ്യാസ് സിലിണ്ടറുകളും അടക്കം നഷ്ടമായി

Update: 2024-05-02 09:42 GMT

കായംകുളത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. ചിറക്കടവം തയ്യിൽ അബ്ദുൾ ഗഫാർ സേട്ടിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഭാര്യ റാബിയ ഭായിയുടെ ചികിത്സയിക്കായി തിരുവനന്തപുരത്ത് പോയ വീട്ടുകാർ ചൊവ്വാഴ്ച രാവിലെ രാവിലെ 10 മണിയോടെ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 83,000 രൂപയും രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന വീട്ടുസാധനങ്ങളും ഗ്യാസ് നിറഞ്ഞ രണ്ട് പാചകവാതക സിലിണ്ടറുകളും വിവിധ കട്ടിംഗ് മെഷീനുകളുമാണ് നഷ്ടമായത്. വാതിലുകളും അലമാരകളും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുൻവശത്തെയും പുറകിലെയും വാതിലുകൾ തകർത്താണ് മോഷ്ടാക്കൾ വീട്ടിനുള്ളിൽ കടന്നത്. ഒരു മുറി ഒഴിച്ച് ബാക്കി എല്ലാ വാതിലും തകർത്തു.

ടോയ്ലറ്റിലെ ഉൾപ്പെടെ പൈപ്പുകളും ഫിറ്റിംഗ്സും അഴിച്ചെടുത്തു. മോഷ്ടാക്കൾക്ക് വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറി തുറക്കാനായില്ല. മോഷണം കഴിഞ്ഞ് മുറികളിലും ഹാളിലും പ്രതികൾ മൂത്രവിസർജനം നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ശനിയാഴ്ചയാണ് ചികിത്സയ്ക്കായി വീട്ടുകാർ തീരുവനന്തപുരത്തേക്ക് പോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സിസിടിവി ഉൾപ്പെടെയുള്ളവ പരിശോധിച്ച് വരുകയാണെന്നാണ് വിവരം.

Tags:    

Similar News