ജോഷിയുടെ വീട്ടിലെ കവർച്ച; പ്രതി ഉഡുപ്പിയിൽ പിടിയിൽ, മോഷണം മുംബൈയിൽനിന്ന് കാറിലെത്തി

Update: 2024-04-21 04:41 GMT

സംവിധായകൻ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഷാദാണ് പിടിയിലായത്. കർണാടകയിലെ ഉഡുപ്പിയിൽനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇന്നലെ പുലർച്ചെ നടത്തിയ മോഷണത്തിനു ശേഷം മടങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം.

മഹാരാഷ്ട്ര റജിസ്‌ട്രേഷനിലുള്ള കാറിലാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്നു മനസ്സിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉഡുപ്പിയിൽ പിടിയിലായത്. വാഹനത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ പൊലീസ് കർണാടക പൊലീസിനു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.

ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് ജോഷിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച സ്വർണ, വജ്രാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി. ഈ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ അധികം വൈകാതെ കൊച്ചിയിലേക്കു കൊണ്ടുവരുമെന്നാണ് വിവരം. ഇയാൾ മുംബൈയിൽനിന്ന് ഒറ്റയ്ക്ക് കാർ ഓടിച്ച് കൊച്ചിയിലെത്തിയാണ് മോഷണം നടത്തിയതെന്നാണ് സൂചന. ജോഷിയുടെ വീടിനെക്കുറിച്ച് ഉൾപ്പെടെ ഇയാൾക്ക് വിവരം ലഭിക്കാൻ തക്കവിധത്തിൽ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തെണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ പുലർച്ചെ നടന്ന മോഷണത്തിൽ ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വർണ, വജ്ര ആഭരണങ്ങളാണു പ്രതി കവർന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. സൗത്ത് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പനമ്പിള്ളിനഗറിലെ 10 ബി ക്രോസ് റോഡ് സ്ട്രീറ്റ് ബിയിലെ 'അഭിലാഷത്തി'ൽ ഇന്നലെ രാത്രി ഒന്നരയ്ക്കും രണ്ടിനും ഇടയിലാണു മോഷണം നടന്നതെന്നാണു സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നത്. വീടിന്റെ പിൻഭാഗത്തു കൂടിയെത്തി അടുക്കളയുടെ ജനൽ തുറന്നാണു മോഷ്ടാവ് ഉള്ളിൽ കയറിയത്.

Tags:    

Similar News