സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷയിൽ കോപ്പിയടി; 112 വിദ്യാർത്ഥികളുടെ ഫലം റദ്ദാക്കി

Update: 2024-05-14 05:45 GMT

ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി നടന്നതായി കണ്ടെത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് ക്രമക്കേട് നടത്തിയ 112 വിദ്യാർത്ഥികളുടെ പരീക്ഷാഫലം റദ്ദാക്കി. സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെയാണ് വിദ്യാർത്ഥികൾ കോപ്പിയടിച്ച വിവരം കണ്ടെത്തിയത്. ഇത്തരത്തിൽ ക്രമക്കേട് നടന്ന പരീക്ഷാ ഹാളിലുണ്ടായിരുന്ന വിദ്യാർത്ഥികളെയും അവിടെയുണ്ടായിരുന്ന ഇൻവിജിലേറ്റർമാരെയും തിരുവനന്തപുരത്തുള്ള ഹയർസെക്കൻഡറി ആസ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയിരുന്നു. അവിടെ നടന്ന ഹിയറിംഗിലാണ് കോപ്പിയടി തെളിവ് സഹിതം തെളിയിക്കപ്പെട്ടത്.

തുടർന്ന് ഈ വിദ്യാർത്ഥികൾ എഴുതിയ പരീക്ഷ തന്നെ റദ്ദാക്കി. ശക്തമായ അച്ചടക്ക നടപടി എടുക്കേണ്ട വിഷയമാണെന്നായിരുന്നു ഹയർസെക്കൻഡറി ബോർഡിന്റെ വിലയിരുത്തൽ. എന്നാൽ, വിദ്യാർത്ഥികളുടെ ഭാവി പരിഗണിച്ചുകൊണ്ടാണ് അടുത്ത മാസം നടക്കുന്ന സേ പരീക്ഷ എഴുതാൻ ഇവർക്ക് ഒരു അവസരം കൂടി നൽകുകയായിരുന്നു. ഇൻവിജിലേറ്റർമാരുടെ വീഴ്ച കാരണമാണ് വിദ്യാർത്ഥികൾ ഇത്തരത്തിൽ ക്രമക്കേടുകൾ കാട്ടാൻ കാരണമെന്നും ഹയർസെക്കൻഡറി ബോർഡ് ഹിയറിംഗിൽ വിലയിരുത്തി. അതിനാൽ, ഈ അദ്ധ്യാപകർക്കെതിരെയും നടപടിയുണ്ടാകും. മേയ് ഒമ്പതിനാണ് രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചത്. 78.69 ശതമാനമാണ് രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഇതിൽ 2,94888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം

Tags:    

Similar News