വ്യവസായ പാർക്കുകളുടെ പാട്ടവ്യവസ്ഥയിൽ ഇളവ്; വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ 10 ശതമാനം അടച്ചാൽ മതി
സംസ്ഥാനത്തെ വ്യവസായ മേഖലയിൽ നിക്ഷേപവും വളർച്ചയും പ്രോത്സാഹിപ്പിക്കാനും വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി നിയമ ഭേദഗതി ചട്ടങ്ങളുമായി സർക്കാർ. വ്യാവസായിക പ്രവർത്തനങ്ങൾക്കും ആവശ്യങ്ങൾക്കും സംരംഭങ്ങൾക്കും കിൻഫ്രയുടെയും കെഎസ്ഐഡിസിയുടെയും ഭൂമി വിതരണം ചെയ്യുന്നതിനുള്ള ചട്ടങ്ങൾ (ലാൻഡ് ഡിസ്പോസൽ റെഗുലേഷൻസ്) പരിഷ്‌കരിച്ചു.
ഇനി മുതൽ വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടച്ചാൽ മതിയാകും. പിന്നീട് രണ്ടുവർഷം മൊറോട്ടോറിയവും ലഭിക്കും. പാട്ട കാലാവധി 90 വർഷമാക്കുകയും ചെയ്യും. വ്യവസായ വികസനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കിൻഫ്രയും കെഎസ്‌ഐഡിസിയും പിന്തുടരുന്ന പാട്ടവ്യവസ്ഥകൾ കാലോചിതമായും നിക്ഷേപ സൗഹൃദമായും പരിഷ്‌കരിക്കുകയാണ് ചട്ട ഭേദഗതിയിലൂടെ ചെയ്തിരിക്കുന്നത്.
നിലവിൽ കിൻഫ്രയിൽ നിന്ന് വ്യാവസായിക സംരംഭങ്ങൾക്ക് ഭൂമി പാട്ടത്തിനെടുക്കുന്നവർക്ക് 30 മുതൽ 60 വർഷം വരെയാണ് പാട്ടക്കാലാവധി അനുവദിക്കുന്നത്. പാട്ടത്തുകയുടെ 10 ശതമാനം മുൻകൂറായും 50 ശതമാനം ഒരു മാസത്തിനകവും നൽകണം. ബാക്കി തുക പലിശ സഹിതം രണ്ട് വർഷം കൊണ്ട് 2 ഗഡുക്കളായും അടക്കണമെന്നാണ് ചട്ടം. ഇനിമുതൽ എല്ലാ നിക്ഷേപകർക്കും 60 വർഷത്തേക്ക് ഭൂമി അനുവദിക്കും. 100 കോടി രൂപക്ക് മുകളിലെ നിക്ഷേപമാണെങ്കിൽ 90 വർഷം വരെ കാലാവധിയിൽ ഭൂമി അനുവദിക്കും.
കുറഞ്ഞത് 10 ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ അനുവദിക്കുക. 50-100 കോടി വിഭാഗത്തിൽ വരുന്നവയ്ക്ക് ആകെ പാട്ട പ്രീമിയത്തിന്റെ 20 ശതമാനം തുകയും 100 കോടിക്ക് മേൽ നിക്ഷേപം വരുന്നവയ്ക്ക് 10 ശതമാനം തുകയും മുൻകൂട്ടി അടച്ചാൽ മതി. ആദ്യവിഭാഗക്കാർ ബാക്കി 80 ശതമാനം തുക കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പലിശ സഹിതം 5 തുല്യ വാർഷിക ഗഡുക്കളായും 100 കോടിക്ക് മേൽ നിക്ഷേപം കൊണ്ടുവരുന്നവർ ബാക്കിയുള്ള 90 ശതമാനം പാട്ടത്തുക പലിശസഹിതം 9 തുല്യ വാർഷിക തവണകളായും അടച്ചാൽ മതി. മുൻകൂർ തുക അടച്ച തീയതി മുതൽ 24 മാസം വരെ പലിശയോടു കൂടിയ മൊറട്ടോറിയം ലഭിക്കാനും അവസരമുണ്ട്.