രാജ്യസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം ; മുസ്ലിം ലീഗിനെ പുകഴ്ത്തി കെ.ടി ജലീൽ എംഎൽഎ

Update: 2024-06-13 16:34 GMT

കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് ഉണർന്നും ഉയർന്നും പ്രവർത്തിക്കാൻ ലീഗ് നേതൃത്വത്തിന് അറിയുമെന്ന് വെളിപ്പെടുത്തുന്നതാണ് രാജ്യസഭയിലേക്കുള്ള അഡ്വ. ഹാരിസ് ബീരാന്റെ സ്ഥാനാർഥിത്വമെന്ന് സി.പി.എം സഹയാത്രികൻ കെ.ടി. ജലീൽ. ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതാനുള്ള നീക്കങ്ങൾ സംഘ്പരിവാർ ശക്തിപ്പെടുത്തിയ കാലത്ത് നിയമ പാണ്ഡിത്യമുള്ള ഒരാളെ രാജ്യസഭയിലേക്കയക്കാൻ സാദിഖലി തങ്ങൾ കാണിച്ച ഔചിത്യം അഭിനന്ദനീയമാണെന്നും അ​ദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

മദ്രാസ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന ബി പോക്കർ സാഹിബിനെ പാർലമെന്റിലേക്ക് അയച്ച് നിയമനിർമ്മാണ പ്രക്രിയയിൽ ഭാഗഭാക്കാവാൻ അവസരമൊരുക്കിയ മുസ്‍ലിംലീഗ്, ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിനെയും മഹബൂബെമില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിനെയും രാജ്യസഭാംഗങ്ങളാക്കിയാണ് പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയർത്തിക്കൊണ്ടുവന്നത്. പൊന്നാനിയിൽ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബോംബെ സ്വദേശി ഗുലാംമഹ്മൂദ് ബനാത്ത് വാല സാഹിബ് കൊമേഴ്സ് പ്രൊഫസറായിരുന്നെങ്കിലും നല്ല നിയമജ്ഞാനമുള്ള വ്യക്തിയുമായിരുന്നു. അദ്ദേഹം രചിച്ച "Religion and Politics in India" എന്ന പുസ്തകം മാത്രം മതി അദ്ദേഹത്തിന്റെ അഗാധമായ അറിവ് മനസ്സിലാക്കാൻ.

ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതാനുള്ള നീക്കങ്ങൾ സംഘ്പരിവാർ ശക്തിപ്പെടുത്തിയ കാലത്ത് നിയമ പാണ്ഡിത്യമുള്ള ഒരാളെ രാജ്യസഭയിലേക്കയക്കാൻ സാദിഖലി തങ്ങൾ കാണിച്ച ഔചിത്യം അഭിനന്ദനീയമാണ്. ഹാരിസ് ബീരാൻ എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. അദ്ദേഹത്തിന്റെ പിതാവ് അഡ്വ: വി.കെ ബീരാൻ സാഹിബുമായും എനിക്കടുപ്പമുണ്ട്. എന്റെ ഗുരുനാഥ പ്രഫ: ബീപാത്തു ടീച്ചറുടെ അനിയത്തിയാണ് ഹാരിസിന്റെ ഉമ്മ. രണ്ടുപേരും കോളേജ് അദ്ധ്യാപികമാർ. ഒരാൾ മലയാളം പ്രൊഫസർ. മറ്റേയാൾ ചരിത്ര വിഭാഗം പ്രൊഫസർ. കേരള നിയമസഭാ സ്പീക്കറായിരുന്ന കെ.എം സീതിസാഹിബിന്റെ അടുത്ത ബന്ധുക്കളാണ് ഇരുവരും. അഡ്വ: ഹാരിസിന്റെ പിതാവ് അഡ്വ: വി.കെ ബീരാൻ പഴയതലമുറയിലെ ലീഗുകാരനും കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമാണ്. അഡീഷണൽ അഡ്വക്കറ്റ് ജനറലായും അദ്ദേഹം പ്രവർത്തിച്ചു.

തിരുകൊച്ചി മേഖലയിൽ ലീഗ് ഉണ്ടാക്കുന്നതിൽ നല്ല പങ്കുവഹിച്ച വി.കെ ബീരാൻ സാഹിബ്, സി.എച്ചുമായും ശിഹാബ് തങ്ങളുമായും സൂക്ഷിച്ച ഇഴയടുപ്പം വാക്കുകൾക്കതീതമാണ്. ലീഗിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു എം.പി സ്ഥാനം തിരുകൊച്ചിയിൽ നിന്നുള്ള ഒരാൾക്ക് ലഭിക്കുന്നത്. തെക്കൻ മേഖലയിലെ ലീഗു പ്രവർത്തകർക്ക് ഇതുനൽകുന്ന ആവേശം ചെറുതാവില്ല.

വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ വെച്ച് നടന്ന പ്രവാസി പ്രശ്നങ്ങൾ ഉയർത്തിയുള്ള പാർലമെൻ്റ് മാർച്ചിൻ്റെ മുഖ്യസംഘാടകരിൽ ഒരാളായ ഞാൻ രണ്ട് ദിവസം മുമ്പുതന്നെ ഡൽഹിയിൽ എത്തിയിരുന്നു. എൻ്റെ കൂടെ അന്നത്തെ യൂത്ത്ലീഗ് നേതാക്കളായ ബഷീർ രണ്ടത്താണിയും അഷ്റഫ് അമ്പലത്തിങ്ങലും ഉണ്ടായിരുന്നു. 22 വർഷങ്ങൾക്ക് മുമ്പ് നടന്ന ആ മാർച്ചിന് ആവശ്യമായ സഹായം ഡൽഹിയിൽ ചെയ്ത് തന്നതിൽ ഹാരിസ് ബീരാൻ്റെ പങ്കാളിത്തം നന്ദിയോടെ ഇന്നും ഞാൻ ഓർക്കുന്നു.

വാജ്പേയിയും സോണിയാ ഗാന്ധിയേയും കണ്ട് നിവേദനം നൽകാൻ വീണ്ടും രണ്ടുദിവസമെടുത്തു. അഹമ്മദ് സാഹിബാണ് അതിനുള്ള ഏർപ്പാടുകൾ ചെയ്തത്. സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്ന ഹാരിസിന്റെ ഫ്ലാറ്റിലാണ് ഞാനും ബഷീറും അഷ്റഫും നാലഞ്ച് ദിവസം താമസിച്ചത്. അദ്ദേഹം അന്ന് കാണിച്ച സ്നേഹവും പാർട്ടി പ്രതിബദ്ധതയും ഞങ്ങളെ മൂന്നുപേരെയും വല്ലാതെ സ്വാധീനിച്ചു. അന്ന്മുതൽ ഇന്നുവരെ മായമില്ലാത്ത ആ സൗഹൃദം ഭംഗം കൂടാതെ തുടരുന്നു.

Tags:    

Similar News