കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു
സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. ഇതിനാൽ തന്നെ രുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.5 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.1 മുതൽ 2.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ദുർബലമാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്. അടുത്ത നാലു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 ആം തീയതിയും കണ്ണൂരും കാസർകോടും യെല്ലോ അലർട്ടാണ്.