ഐഎഫ്എഫ്കെ സമാപനവേദിയിൽ സംവിധായകൻ രഞ്ജിത്തിന് കൂവൽ. സ്വാഗത പ്രസംഗത്തിനായി ക്ഷണിച്ചപ്പോഴാണ് രഞ്ജിത്തിനെതിരെ കൂവലുണ്ടായത്. ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് പ്രതിഷേധം ഉയർന്നത്. എന്നാൽ സ്വാഗത പ്രസംഗത്തിനായി വേദിയിലെത്തിയ രഞ്ജിത്ത് പ്രതിഷേധം മുഖവിലയ്ക്കെടുക്കാതെ പ്രസംഗം തുടർന്നു. മേളയുടെ വിജയം അതിന്റെ അണിയറപ്രവർത്തകരുടെ വിജയമാണെന്ന് ചലച്ചിത്ര അക്കാദമിയിലെ ഓരോ അംഗങ്ങളുടെയും പേരെടുത്ത് പരാമർശിച്ച് രഞ്ജിത്ത് പറഞ്ഞു.
അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തിരുന്ന് അക്കാദമിയെ അവഹേളിക്കുന്ന പരാമർശമാണ് രഞ്ജിത്ത് നടത്തുന്നതെന്ന് ജനറൽ കൗൺസിൽ അംഗങ്ങൾ ആരോപിച്ചിരുന്നു. പല രീതിയിൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിച്ചതാണ്. അതൊന്നും നടന്നില്ല. ആർട്ടിസ്റ്റുകളെ മോശമായി അവഹേളിക്കുക, പുച്ഛിച്ചു തള്ളുക ഇതെല്ലാമാണ് ചെയ്യുന്നത്. ഇത് വരിക്കാശേരി മനയിലെ ലൊക്കേഷനല്ല. ഇത് ചലച്ചിത്ര അക്കാദമിയാണ്. ആ ധാരണ പോലും അദ്ദേഹത്തിനില്ല. പ്രശ്നം തീർക്കാൻ യാതൊരു ശ്രമവും ചെയർമാന്റെ ഭാഗത്തുനിന്നില്ലെന്നും ജനറൽ കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കിയിരുന്നു.