കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം വിസി തടഞ്ഞു; നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി
കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപി നടത്താനിരുന്ന പ്രഭാഷണം വൈസ് ചാൻസലർ തടഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. 'ഇന്ത്യൻ ജനാധിപത്യം, വെല്ലുവിളികളും കടമകളും' എന്നതായിരുന്നു വിഷയം. ഇടതു ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.15ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഹാളിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്.
അതേസമയം പരിപാടി നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോ യൂണിവേഴ്‌സിറ്റി റജിസ്ട്രാറോ നിർദേശം നൽകിയിട്ടില്ലെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. എല്ലാ മാസവും പ്രഭാഷണ പരമ്പര നടത്താറുണ്ട്. പ്രഭാഷണ പരമ്പരയ്ക്ക് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. പ്രഭാഷണ പരമ്പര പൊതുപരിപാടിയല്ല. യൂണിയൻ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.