വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസിന്റെ നീക്കം; കോടതിയിലേക്ക് ഓടിക്കയറി മുഹമ്മദ് ഷിയാസ്

Update: 2024-03-06 08:57 GMT

കാട്ടാന ചവിട്ടിക്കൊന്ന ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിൽ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനൊപ്പം കോടതി ജാമ്യം അനുവദിച്ച എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസിന്റെ നീക്കം. കോതമംഗലം കോടതി ജാമ്യം അനുവദിച്ചതിനു തൊട്ടുപിന്നാലെയാണ് പൊലീസ് വാഹനം ആക്രമിച്ചെന്ന കേസിൽ മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. 

ഇതോടെ മുഹമ്മദ് ഷിയാസ് കോടതിയിലേക്ക് ഓടിക്കയറി. സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരും മുഹമ്മദ് ഷിയാസിനെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമം തടഞ്ഞ് രംഗത്തെത്തി. തുടർന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനെ വിളിപ്പിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

ഇവർക്കു പുറമേ കേസിൽ പ്രതികളായ മറ്റു പതിനാലു പേർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്ത കുഴൽനാടനും ഷിയാസിനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ ഇവരുടെ ജാമ്യാപേക്ഷകളിൽ വാദം കേട്ട കോടതി, ഇടക്കാല ജാമ്യം നീട്ടിനൽകിയ ശേഷം വിധി പറയുന്നത് ഇന്നത്തേക്കു മാറ്റിവച്ചിരിക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

Tags:    

Similar News