'ദേശീയഗാനത്തെ അവഹേളിച്ചു' ; ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പൊലീസില്‍ പരാതി

Update: 2024-03-01 10:24 GMT

കെപിസിസി സംഘടിപ്പിച്ച സമരാഗ്‌നി യാത്രയുടെ സമാപന സമ്മേളനത്തിൽ ദേശീയഗാനം തെറ്റായി ആലപിച്ച സംഭവത്തിൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പാലോട് രവിക്കെതിരെ പരാതി. ദേശീയഗാനത്തെ അവഹേളിച്ചു എന്നാരോപിച്ചാണ് ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ബി എസ് രാജീവ്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

'പരിണിത പ്രജ്ഞനും എംഎൽഎയുമൊക്കെ ആയിരുന്ന ഒരു വ്യക്തിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ലാത്ത തരത്തിൽ മൈക്ക് സ്റ്റാൻഡിൽ താളം പിടിച്ചും, തെറ്റായുമാണ് ദേശീയ ഗാനം ആലപിക്കാൻ ആരംഭിച്ചത്. ഇത് ബോധപൂർവമാണെന്നെ കാണുന്നവർക്ക് മനസിലാക്കാൻ സാധിക്കുകയുള്ളു. ആയതിനാൽ ഈ വിഷയം അന്വേഷിച്ച് മേൽ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു'. ബിജെപി നേതാവ് പരാതിയിൽ ആവശ്യപ്പെട്ടു.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന സമരാഗ്‌നി യാത്രയുടെ സമാപന സമ്മേളനത്തിൽ മുൻ എംഎൽഎ കൂടിയായ പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിക്കുകയായിരുന്നു. തെറ്റു ശ്രദ്ധയിൽപ്പെട്ട ടി സിദ്ദിഖ് എംഎൽഎ ഇടപെട്ടാണ് പാലോട് രവിയെ ദേശീയ ഗാനം ആലപിക്കുന്നതിൽ നിന്ന് തടഞ്ഞത്. പാലോട് രവി തെറ്റായി ദേശീയ?ഗാനം ആലപിച്ചത് വലിയ ചർച്ചയായി മാറിയിരുന്നു.

Tags:    

Similar News