ദുരിതാശ്വാസ നിധിയിലേക്ക് 12,530 രൂപ നൽകി മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍; ഒരു മാസത്തെ ശമ്പളം കൈമാറി പുതുച്ചേരി എംഎൽഎ

Update: 2024-08-04 02:26 GMT

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് താങ്ങേകാനായി ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകന്‍ ഇഷാന്‍ വിജയ് തന്റെ സമ്പാദ്യത്തില്‍നിന്ന് 12,530 രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ടാണ് ഇഷാന്‍ തുക കൈമാറിയത്. പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മകനാണ് ഇഷാന്‍. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ എം.എല്‍.എയും വയനാടിനായി ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കതർകാമം എം.എല്‍.എ. കെ.പി.എസ്. രമേഷാണ് തന്റെ ഒരുമാസത്തെ ശമ്പളമായ 48,450 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

ചലച്ചിത്രതാരവും പടന്ന ഗ്രാമപഞ്ചായത്ത് അംഗവുമായ പി.പി. കുഞ്ഞികൃഷ്ണന്‍ ഒരുമാസത്തെ പെന്‍ഷന്‍ തുകയാണ് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. മുന്‍ എം.പിയും സി.പി.എം. നേതാവുമായ എ.എം. ആരിഫും ഒരുമാസത്തെ പെന്‍ഷന്‍ തുകയായ 28,000 രൂപ സംഭാവന നല്‍കി. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളമായ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. സി.പി.എം. എം.എല്‍.എമാര്‍ ഒരുമാസത്തെ ശമ്പളമായ 50,000 രൂപയും സി.പി.എം. എം.പിമാര്‍ ഒരുമാസത്തെ ശമ്പളമായ ഒരുലക്ഷം രൂപയും ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.

സാഹിത്യകാരന്‍ ടി. പത്മനാഭന്‍ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ചലച്ചിത്രതാരമായ ജോജു ജോര്‍ജും ഗായിക റിമി ടോമിയും അഞ്ച് ലക്ഷം രൂപവീതം നല്‍കാമെന്ന് അറിയിച്ചപ്പോള്‍ യൂട്യൂബര്‍മാരായ ജിസ്മയും വിമലും രണ്ട് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക. നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

Tags:    

Similar News