എസ്.എഫ്.ഐ പ്രതിഷേധം: പൊതുമുതൽ നശിപ്പിച്ച കേസിൽ എം. സ്വരാജിനും എ.എ റഹീമിനും ഒരു വർഷം തടവ്
ഉമ്മൻ ചാണ്ടി സർക്കാരിനെതിരായ എസ്.എഫ്.ഐയുടെ വിദ്യാഭ്യാസ സമരവുമായി ബന്ധപ്പെട്ട കേസിൽ എ.എ റഹീം എം.പിക്കും എം. സ്വരാജിനും ഒരു വർഷം തടവ്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്.
7700 രൂപ വീതം പിഴയും വിധിച്ചു. ഇരുവരും കുറ്റക്കാരെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. 2013ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ പ്ലസ്ടു കോഴയ്ക്കെതിരായ പ്രതിഷേധമാണ് കേസിനാധാരം. വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുറബ്ബിന്റെ വസതിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയതിനാണ് കേസ്.
മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. പൊലീസ് ബാരിക്കേഡും വാഹനങ്ങളും തകർക്കപ്പെട്ടു. പൊതുമുതൽ നശിപ്പിച്ചതിനാണ് മ്യൂസിയം പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്.