ഭാര്യയ്ക്കു പാചകം അറിയാത്തതും ഭർത്താവിനു ഭക്ഷണം ഉണ്ടാക്കി നൽകാത്തതും വിവാഹമോചനത്തിന് കാരണമല്ല: കേരള ഹൈക്കോടതി

Update: 2023-10-19 03:38 GMT

ഭാര്യയ്ക്കു പാചകം അറിയാത്തതും ഭർത്താവിനു ഭക്ഷണം ഉണ്ടാക്കി നൽകാത്തതും വിവാഹമോചനത്തിനു കാരണമായ ക്രൂരതയായി കണക്കാക്കാനാവില്ലെന്നു ഹൈക്കോടതി. ഏറെക്കാലമായി ഒന്നിച്ചു കഴിയാത്തതു കൊണ്ട് പ്രായോഗികമായും വൈകാരികമായും വിവാഹബന്ധം ഇല്ലാതായെന്നുള്ള ഭർത്താവിന്റെ വാദവും കോടതി തള്ളി. ഒരു കക്ഷിക്ക് ഏകപക്ഷീയമായി വിവാഹമോചന തീരുമാനമെടുക്കാൻ കഴിയില്ലെന്നു കോടതി വ്യക്തമാക്കി.  

തൃശൂർ കുടുംബക്കോടതി വിവാഹമോചന ഹർജി അനുവദിക്കാത്തതിനെതിരെ അയ്യന്തോൾ സ്വദേശിയായ ഭർത്താവു നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണു ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. 10 വർഷമായി അകന്നു കഴിയുന്നതിനാൽ പ്രായോഗികമായി വിവാഹം ഇല്ലാതായെന്ന വാദം അംഗീകരിക്കാനാവില്ലെന്നും സ്വയം സൃഷ്ടിച്ച സാഹചര്യത്തെ പഴിചാരി നേട്ടമെടുക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

2012 ൽ ആണു ദമ്പതികൾ വിവാഹിതരായത്. ഭാര്യയ്ക്കു ബഹുമാനമില്ല, ബന്ധുക്കളുടെ മുന്നിൽ അപമാനിച്ചു, ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ല തുടങ്ങിയ ആരോപണങ്ങളാണു ഭർത്താവ് ഉന്നയിച്ചത്. ഭർത്താവിനു മാനസിക പ്രശ്‌നങ്ങളും പെരുമാറ്റ വൈകല്യവുമുണ്ടെന്നു ഭാര്യ ആരോപിച്ചു. മനോരോഗവിദഗ്ധനെ കണ്ടതായി ഭർത്താവു തന്നെ സമ്മതിക്കുന്നുണ്ടെന്നു വിലയിരുത്തിയ കോടതി വിവാഹമോചനം നിരസിച്ച കുടുംബക്കോടതി വിധിയിൽ ഇടപെടാൻ കാരണമില്ലെന്നു വ്യക്തമാക്കി.

Tags:    

Similar News