മസാലബോണ്ട് കേസ്; ഇ.ഡിക്ക് അന്വേഷിക്കാൻ അധികാരമില്ലെന്ന വാദവുമായി വീണ്ടും കിഫ്ബി
മസാലബോണ്ടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അന്വേഷിക്കാൻ അധികാരമില്ലെന്ന വാദവുമായി വീണ്ടും കിഫ്ബി. മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി തുടർച്ചയായി സമൻസ് അയയ്ക്കുന്ന സാഹചര്യത്തിൽ എതിർത്തുകൊണ്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കിഫ്ബി വാദം ആവർത്തിച്ചത്. മസാലബോണ്ട് വഴി വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ട് പരിശോധിക്കാനും വിനിയോഗം അന്വേഷിക്കാനും അധികാരമുള്ളത് റിസർവ് ബാങ്കിനു മാത്രമാണ്. ഇത്തരത്തിൽ ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേട് ആർബിഐ കണ്ടെത്തിയാൽ മാത്രമേ അത് അന്വേഷിക്കാൻ ഇ.ഡിക്ക് അധികാരമുള്ളൂ എന്ന് ജസ്റ്റിസ് ടി.ആർ.രവി മുൻപാകെ കിഫ്ബി വാദിച്ചു.
കേന്ദ്ര സർക്കാരിന്റെ മറുപടിക്കായി കേസ് ഈ മാസം 17ലേക്ക് മാറ്റി. തനിക്ക് ഇ.ഡി സമൻസ് അയയ്ക്കുന്നതിനെ ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹർജിയും കോടതിയിലുണ്ട്. മസാലബോണ്ട് വഴി വിദേശവായ്പ ലഭിക്കുന്നതു സംബന്ധിച്ച് എല്ലാ മാസവും ആർബിഐക്ക് റിപ്പോർട്ട് നൽകുന്നുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ആർബിഐക്ക് വ്യക്തിയെയോ സ്ഥാപനത്തെയോ നിയമിക്കാവുന്നതാണെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കിഫ്ബി വാദിച്ചിരുന്നു. ഇത്തരത്തിൽ എന്തെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടെന്ന് സംശയം തോന്നുകയോ ആരോപണം ഉയരുകയോ ചെയ്താൽ ആർബിഐക്ക് മാത്രമാണ് പരിശോധിക്കാൻ അധികാരം. മാത്രമല്ല, മസാലബോണ്ടിൽ കിഫ്ബിയുടെ ഓതറൈസ്ഡ് ഡീലറായ ആക്‌സിസ് ബാങ്കും പരിശോധന നടത്തുന്നുണ്ട്.
പദ്ധതിയെക്കുറിച്ച് ചാർട്ടേഡ് അക്കൗണ്ടുമാരും സിഎജിയും പരിശോധിക്കുന്നുണ്ട്. കിഫ്ബിയുടെ 355 പദ്ധതികളിൽ ഇതുവരെ ഇവരാരും തന്നെ നിയമലംഘനം കണ്ടെത്തിയിട്ടില്ല എന്ന് കിഫ്ബിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ വാദിച്ചു. 2021 മുതൽ എല്ലാ രേഖകളും ഇ.ഡിക്ക് നൽകുകയും ഉദ്യോഗസ്ഥർ ഒട്ടേറെ തവണ ഹാജരായി മൊഴി നൽകുകയും ചെയ്തിട്ടും ഇതേ രേഖകൾ തന്നെ വീണ്ടും ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്ന് കിഫ്ബി വാദിച്ചു.