വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണം; സിബിഐ എത്തിയില്ല, അന്വേഷണം നിലച്ചു

Update: 2024-03-19 03:24 GMT

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണം സിബിഐയ്ക്കു വിട്ടതോടെ സംസ്ഥാന പൊലീസിന്റെ അന്വേഷണം നിലച്ച മട്ടിലായി. സിബിഐ അന്വേഷണം പ്രഖ്യാപിച്ച 9 നാണ് രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തത്. സംഭവത്തിലെ 20 പേരുടെയും അറസ്റ്റ് പൂർത്തിയായെന്നാണ് പൊലീസ് നിലപാട്. സിബിഐ എത്തുന്നതു വരെ തെളിവുകൾ നഷ്ടപ്പെടാതിരിക്കാനും എല്ലാ പ്രതികളെയും ഉൾപ്പെടുത്താനും പൊലീസ് ശ്രമിക്കുന്നില്ലെന്നു സിദ്ധാർഥന്റെ ബന്ധുക്കൾ ആരോപിച്ചു. തെളിവുകൾ നശിപ്പിക്കാൻ ഒത്താശ ചെയ്‌തെന്നും പരാതിയുണ്ട്. മർദനം നടക്കുന്ന സമയത്ത് സിദ്ധാർഥന്റെ മൊബൈൽ ഫോൺ കൈകാര്യം ചെയ്തയാളെ ഇതു വരെ ചോദ്യം ചെയ്തിട്ടില്ലെന്നു സിദ്ധാർഥന്റെ അച്ഛൻ ടി.ജയപ്രകാശ് പറയുന്നു.

ഫെബ്രുവരി 18 ന് ഉച്ചയോടെയാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു മുൻപ് ക്രൂര മർദനത്തിനിരയായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരണവുമായി നേരിട്ടു ബന്ധമുണ്ടെന്ന് കോളജിലെ ആന്റി റാഗിങ് സ്‌ക്വാഡ് കണ്ടെത്തിയ എസ്എഫ്‌ഐ നേതാക്കൾ അടക്കം അറസ്റ്റിലായി. അന്വേഷണം തുടരുകയാണെന്നു വൈത്തിരി പൊലീസ് പറഞ്ഞു. 

Tags:    

Similar News