കുറച്ചുവർഷങ്ങൾ കഴിഞ്ഞ് പുതു തലമുറയ്ക്കായി വഴി മാറിക്കൊടുക്കും; ശശി തരൂർ
രാഷ്ട്രീയത്തിൽ കുറച്ചുവർഷങ്ങൾ കഴിഞ്ഞ് താൻ പുതു തലമുറയ്ക്കായി വഴി മാറിക്കൊടുക്കുമെന്ന് ശശി തരൂർ എംപി. പാർട്ടി നിർദേശം അനുസരിച്ച് ഇപ്പോൾ തന്റെ മുന്നിലുള്ളത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതാണെന്നു വ്യക്തമാക്കിയ അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിമുഖതയില്ലെന്നും സൂചിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ടര വർഷം ബാക്കിയുണ്ടല്ലോ. അപ്പോഴത്തെ കേരളത്തിന്റെ ആവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് തീരുമാനിക്കാം. മുഖ്യമന്ത്രിയാകാൻ തടസ്സങ്ങളുണ്ടെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. എന്തായാലും കേരളമാണ് തന്റെ കർമഭൂമി. ഇവിടെയാണ് താൻ തന്റെ ശേഷകാലം ചെലവഴിക്കുക. രാഷ്ട്രീയമല്ലാതെ മറ്റൊരു മേഖലയും മുന്നിലില്ല.
രാഷ്ട്രീയത്തിൽ എല്ലാവരും ഒരുനാൾ പുതിയ ആൾക്കാർക്കായി മാറി നിൽക്കണം. ചെറുപ്പക്കാർ ഭൂരിപക്ഷമുള്ള ഈ രാജ്യത്തെ മന്ത്രിസഭയുടെ ശരാശരി പ്രായം 67 വയസ്സാണ്. ജനസംഖ്യയുടെ 65% പേരും 35 വയസ്സിനു താഴെയുള്ളവരാണ്. അവർക്കായി ഭരണം നടത്തുന്നതും തീരുമാനങ്ങളെടുക്കുന്നതും പ്രായമേറിയവരാണെന്ന സാഹചര്യം മാറണം.
ഐക്യരാഷ്ട്ര സഭയിലെ 29 വർഷത്തെ സേവനം കഴിഞ്ഞ് സ്വയം വിരമിച്ച് എഴുത്തും പ്രഭാഷണവുമായി കഴിഞ്ഞ സമയത്ത് സോണിയ ഗാന്ധിയാണ് കോൺഗ്രസിനായി മത്സരിക്കാൻ തന്നെ ക്ഷണിക്കുന്നത്. പണമുണ്ടാക്കാനായി രാഷ്ട്രീയത്തിൽ വന്നയാളല്ല. സമൂഹത്തിൽ എന്തെങ്കിലും മാറ്റം സൃഷ്ടിക്കാനാകണം എന്നതായിരുന്നു ലക്ഷ്യം. ഭാര്യയുടെ മരണസമയത്ത് നേരിട്ട ആരോപണങ്ങൾ ഉൾപ്പെടെ വേദനിപ്പിച്ച ഏറെ സന്ദർഭങ്ങൾ രാഷ്ട്രീയ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ താൻ വിഷമിക്കുന്നതും തളരുന്നതും കാണാൻ ആഗ്രഹിച്ചവർക്കു മുന്നിൽ അതു കാട്ടാതെ കഴിവുകൾ പ്രയോജനപ്പെടുത്താവുന്ന മേഖലകളിൽ സജീവമായി മുന്നോട്ടു പോവുകയായിരുന്നു എന്നും തരൂർ പറഞ്ഞു.