നരഭോജി കടുവയെ വെടിവച്ച് കൊല്ലണമെന്ന് നാട്ടുകാർ; കൊല്ലാനാകില്ലെന്ന് വനം വകുപ്പ്

Update: 2023-12-18 10:00 GMT

വയനാട് വാകേരിയിൽ കുടുങ്ങിയ നരഭോജി കടുവയെ കൊല്ലാതെ കൊണ്ടുപോകാനാവില്ലെന്ന നിലപാടിലാണ് നാട്ടുകാർ. യുവകർഷകൻ പ്രജീഷിനെ കടുവ കൊന്നുതിന്നതിന്റെ നടുക്കം ഇവർക്ക് ഇതുവരെയും മാറിയിട്ടില്ല. ഈ സാഹചര്യത്തിൽ കടുവയെ ജീവനോടെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും കണ്ണിന് മുന്നിലിട്ട് കൊല്ലണം, എന്നാൽ മാത്രമേ കൊണ്ടുപോകാനാകൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. 'ഞങ്ങൾക്കും ജീവിക്കണം', എന്ന മുദ്രാവാക്യമുയർത്തി ആളുകൾ കടുവ കൂട്ടിലായ പ്രദേശത്ത് പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.

എന്നാൽ കടുവയെ കൊല്ലാനാകില്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. പിടികൂടാൻ സാധിച്ചില്ലെങ്കിൽ മാത്രം നരഭോജി കടുവയെ വെടിവച്ച് കൊല്ലാൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും കൂട്ടിലായതിനാൽ ഇനി കൊല്ലാനാകില്ലെന്നതാണ് വനംവകുപ്പ് പറയുന്നത്. വയനാട് വാകേരിയിൽ ഒമ്പത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് വനം വകുപ്പ് കടുവയെ പിടികൂടിയത്.

കലൂർകുന്നിൽ കടുവയ്ക്കായി കൂട് സ്ഥാപിച്ചെങ്കിലും പിടിതരാതെ കറങ്ങി നടക്കുകയായിരുന്നു. യുവകർഷകൻ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയിരുന്നു. ഇന്നലെ സ്ഥാപിച്ച കൂടിന് സമീപം കടുവ എത്തിയിരുന്നെങ്കിലും ആളുകളെ ആക്രമിക്കാൻ ശ്രമിക്കുകയാണുണ്ടായത്. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ച് കടുവ ഇരുട്ടിൽ മറഞ്ഞു. അഞ്ച് കൂടുകളും 35 ക്യാമറകളുമാണ് പ്രദേശത്ത് സ്ഥാപിച്ചിരുന്നത്. വളർത്തുമൃഗത്തെ പിടികൂടി കൊല്ലുകയും പകൽ സമയത്ത് കടുവയെ കാണുകയും ചെയ്തതോടെ പ്രദേശവാസികൾ വലിയ ഭീതിയിലായിരുന്നു.

Tags:    

Similar News