'നഷ്ടപരിഹാരം ലഭിക്കാൻ ഇടപെടൽ വേണം'; വി.ഡി. സതീശൻ നിവേദനം നൽകി നമ്പി രാജേഷിൻറെ ഭാര്യ
മസ്‌കറ്റിൽ മരിച്ച നമ്പി രാജേഷിൻറെ ഭാര്യ അമൃതയും ബന്ധുക്കളും പ്രതിപക്ഷ നേതാവിന് നിവേദനം നൽകി. എയർ ഇന്ത്യ എക്‌സ്പ്രസ് നഷ്ടപരിഹാരം നൽകണമെന്നതാണ് ആവശ്യം. രാജേഷിൻറെ മരണത്തോടെ കുടുംബം അനാഥമായ അവസ്ഥയിലാണ്. അമൃതയ്ക്ക് സ്ഥിര വരുമാനമാനമുള്ള ജോലിയില്ല. നഷ്ടപരിഹാരം വാങ്ങുന്നതിൽ ഉൾപ്പെടെ ഇടപെടൽ നടത്താമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകി. സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ മുന്നിലും ഈ വിഷയം അവതരിപ്പിക്കും.
ഇക്കഴിഞ്ഞ ഏഴാം തിയതിയായിരുന്നു ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ കരമന സ്വദേശിയായ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങി. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സർവീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂർച്ഛിച്ച് രാജേഷ് മരിച്ചത്. നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിൻറെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയെന്ന് ചൂണ്ടികാട്ടി നമ്പി രാജേഷിൻറെ ഭാര്യ അമൃത മുഖ്യമന്ത്രി പിണറായി വിജയനടക്കം പരാതി നൽകിയിരുന്നു.