മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്; ബാങ്ക് ഭാരവാഹികളുടെയും ബന്ധുക്കളുടെയും 18 കോടിയുടെ സ്വത്തുക്കൾ സഹകരണവകുപ്പ് ജപ്തി ചെയ്തു
പത്തനംതിട്ടയിലെ മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നടപടിയെടുത്ത് സഹകരണവകുപ്പ്. ബാങ്ക് മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, സെക്രട്ടറി ജോഷ്വാ മാത്യു, ഇവരുടെ ബന്ധുക്കൾ എന്നിവരുടെ 18 കോടിയുടെ സ്വത്തു വകകൾ സഹകരണ വകുപ്പ് ജപ്തി ചെയ്തു. ബാങ്കിൽ ഈട് വെച്ചിട്ടുള്ള വസ്തുക്കൾ ഇവർ കൈമാറ്റം ചെയ്യാൻ നീക്കം നടക്കുന്നു എന്ന് അറിഞ്ഞാണ് ജപ്തി എന്ന് സഹകരണ വകുപ്പ് വ്യക്തമാക്കി. വൻ ക്രമക്കേട് നടന്ന ബാങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉൾപ്പെടെ പുരോഗമിക്കുകയാണ്. 'ഉടൻ ജപ്തി ' എന്ന നടപടിയാണ് സംഭവത്തിൽ സഹകരണ വകുപ്പ് സ്വീകരിച്ചത്.
കഴിഞ്ഞ മാർച്ചിൽ ബാങ്ക് സെക്രട്ടറി ഷാജി ജോർജ്ജിനെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. മൈലപ്ര സഹകരണ ബാങ്കിന്റെ പേരിൽ വാണിജ്യ ബാങ്കിൽ ഉണ്ടായിരുന്ന രണ്ടു കോടിയോളം രൂപ പിൻവലിച്ചതിനും വിനിയോഗിച്ചതിനും രേഖയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. മുപ്പത്തിരണ്ട് കോടി തൊണ്ണൂറ്റിഅഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറിയാണ്, അസിസ്റ്റന്റ് രജിസ്റ്റാർ മൈലപ്ര സഹകരണ ബാങ്കിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.