നമ്പർപ്ലേറ്റിൽ കൃത്രിമം കാട്ടുന്ന വാഹനങ്ങൾക്കെതിരെ നടപടി; കടുപ്പിച്ച് എംവിഡി
നമ്പർപ്ലേറ്റിൽ കൃത്രിമം കാട്ടുന്ന വാഹനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. നമ്പർ പ്ലേറ്റ് ശരിയായ രീതിയിൽ പ്രദർശിപ്പിക്കാതിരിക്കുക, വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുക, സുരക്ഷാ നമ്പർ പ്ലേറ്റിൽ കൃത്രിമത്വം കാണിക്കുക എന്നിവയാണ് നിരീക്ഷിക്കുന്നത്.
കൊല്ലം റൂറൽ, സിറ്റി പരിധികളിൽ നടത്തിയ പരിശോധനയിൽ നിരവധി ഇരുചക്രവാഹനങ്ങളാണ് മോട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്സമെന്റ് വിഭാഗം പിടിച്ചെടുത്ത് പിഴയീടാക്കിയത്. ആശ്രാമം മൈതാനം, കരിക്കോട് ടി.കെ.എം കോളേജിന് സമീപം, എസ് എൻ കോളേജ് ജംഗ്ഷൻ, ക്യു.എ.സി റോഡ്, കടവൂർ, അഞ്ചാലുംമൂട് റോഡ് എന്നിവിടങ്ങളിലാണ് കൂടുതൽ പേർ പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചാൽ നിറുത്താതെ പോകുന്ന ബൈക്കുകളുടെ പിന്നിലിരിക്കുന്നയാൾ കൈകൊണ്ട് തട്ടിയാൽ നമ്പർ പ്ലേറ്റ് അകത്തേക്ക് മടങ്ങുന്ന വിധത്തിലാണ് 'സെറ്റ്' ചെയ്തിരിക്കുന്നത്. ഇത്തരം നമ്പർ പ്ലേറ്റുകൾ തയ്യാറാക്കി നൽകുന്ന സ്ഥാപനങ്ങൾക്കെതിരെയും മോട്ടോർ വാഹനവകുപ്പ് അധികൃതർ നടപടി തുടങ്ങിയിട്ടുണ്ട്.
2019 ഏപ്രിൽ ഒന്നിനുശേഷം നിർമിച്ച വാഹനങ്ങളിൽ നിർബന്ധമാക്കിയിട്ടുള്ള അതിസുരക്ഷ നമ്പർപ്ലേറ്റ് ഇളക്കിമാറ്റിയശേഷം അനധികൃതമായി ഘടിപ്പിച്ചെന്നു കണ്ടെത്തിയാൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ മൂന്നുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യാം. നിയമലംഘനം എ.ഐ.ക്യാമറയിൽ പതിഞ്ഞാലും, നമ്പർപ്ലേറ്റിലെ കൃത്രിമം കാരണം വാഹനം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുണ്ട്.
നമ്പർപ്ലേറ്റിൽ കൃത്രിമത്വം കാട്ടുന്ന വാഹനങ്ങൾ പിടികൂടിയാൽ ആദ്യതവണ 3000 രൂപ പിഴയും താക്കീതുമാണ് ശിക്ഷ. രണ്ടാമതും കുടുങ്ങിയാൽ 7500 രൂപ പിഴയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. പിന്നീട് വാഹനത്തിന്റെ രേഖകൾ പരിശോധിച്ച ശേഷം മറ്റ് നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ അതിനും പിഴ ഈടാക്കും. പിഴ അടച്ച ശേഷം നമ്പർ പ്ലേറ്റ് മോട്ടോർ വാഹനവകുപ്പ് ഓഫീസ് പരിസരത്ത് വച്ച് തന്നെ മാറ്റിസ്ഥാപിച്ച ശേഷമേ വാഹനം വിട്ടു നൽകുകയുള്ളൂ.