വിനോദയാത്രയ്ക്ക് സ്കൂളിലെത്തിയ വിദ്യാർത്ഥികൾക്ക് നിരാശ; മോട്ടോർ വാഹന വകുപ്പ് ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്തു

Update: 2023-11-09 05:21 GMT

ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെടാനൊരുങ്ങിയ 4 ടൂറിസ്​റ്റ് ബസുകളെ കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവൺമെന്റ് ഹയർസെക്കൻ‌ഡറി സ്കൂളിലെ വിദ്യാർത്ഥികൾ വിനോദയാത്ര പോകുന്നതിന് മുൻപായിരുന്നു മോട്ടോർ വകുപ്പിന്റെ നടപടി. ഇന്ന് പുലർച്ചയോടുകൂടിയായിരുന്നു സംഭവം.

വിനോദയാത്ര പോകുന്നതിന് മുൻപ് ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാകാത്തതാണ് നടപടിക്ക് കാരണം. തുടർന്ന് ബസുകൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിശോധന നടക്കുമ്പോൾ നാല് ബസുകളിലായി ഇരുന്നൂറോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് രേഖകൾ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനൽകുകയുള്ളു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റൊരു വാഹനം സംഘടിപ്പിച്ച് വിനോദയാത്ര നടത്താനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.മോട്ടോർ വാഹന വകുപ്പിന്‍റ നടപടി കുട്ടികളുടെ വിനോദയാത്ര പ്രതിസന്ധിയിലാക്കിയെങ്കിലും സുരക്ഷ മുൻനിർത്തിയാണ് പരിശോധനയെന്നാണ് അധികൃതർ അറിയിച്ചത്. ടൂർ പോകുന്നതിനായി പുലർച്ചെ തന്നെ 200 ഓളം വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നു. എന്നാൽ, ടൂർ ഓപ്പറേറ്ററുടെ ഇടപെടലിലൂടെ മറ്റു ബസുകളിലായി യാത്ര പോകുമെന്ന് അദ്ധ്യാപകർ വിദ്യാർത്ഥികളെ അറിയിക്കുകയായിരുന്നു.

Tags:    

Similar News