മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് സതീശന് ഇഷ്ടമല്ലെന്ന് എംവി ഗോവിന്ദന്‍

Update: 2024-10-31 06:19 GMT

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശന് ഇഷ്ടമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാലക്കാട്ടെ കോണ്‍ഗ്രസ് കമ്മറ്റി കമ്മറ്റി ഏകകണ്ഠമായി തീരുമാനിച്ചതാണ് മുരളിധരനെ സ്ഥാനാര്‍ഥിയാക്കാന്‍. അത് പരിഗണിക്കാതെ സതീശന്‍ രാഹുലിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിരവധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിമാരാണ് ഉള്ളത്. അതില്‍ ഒരാളാണ് മുരളീധരന്‍. അപ്പോള്‍ അസംബ്ലിയിലേക്ക് മുരളീധരന്‍ വരുന്നത് സതീശന്‍ ഇഷ്ടമല്ലാത്ത കാര്യമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ ബിജെപി മൂന്നാമത് ആകും. ഈ ശ്രീധരന് കിട്ടിയ വോട്ടുപോലും ബിജെപി സ്ഥാനാര്‍ഥിക്ക് കിട്ടില്ല. കഴിഞ്ഞ തവണ ഷാഫിക്ക് കിട്ടിയ വോട്ട് കോണ്‍ഗ്രസിനും കിട്ടില്ല. ഇവിടെ യുഡിഎഫും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. സരിന്‍ വമ്പിച്ച രീതിയില്‍ മുന്നേറുകയാണ്. വലിയ വിജയം നേടുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

സുരേഷ് ഗോപിയുടെ തന്തപ്രയോഗത്തിന് മറുപടിയില്ല. തന്തക്ക് പറഞ്ഞാല്‍ അപ്പുറത്തെ തന്തയേ അല്ലേ പറയേണ്ടത്. അത് സതീശന്‍ പറഞ്ഞാല്‍ മതി. താന്‍ പറയില്ലെന്നും കല്‍പ്പാത്തി രഥോത്സവം കലക്കാന്‍ ഒരു തരത്തിലും എല്‍ഡിഎഫ് അനുവദിക്കില്ലെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News