'മുഴുവൻ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കുന്നത് വരെ സമരം തുടരും, തീരുമാനങ്ങൾ നടപ്പാക്കാത്തപക്ഷം പ്രക്ഷോഭം ശക്തമാക്കും': പിഎംഎ സലാം

Update: 2024-06-26 01:16 GMT

മുഴുവൻ വിദ്യാർത്ഥികൾക്കും തുടർ പഠനത്തിന് അവസരം ലഭിക്കുന്നത് വരെ മുസ്ലിംലീഗും പോഷക ഘടകങ്ങളും സമരം തുടരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പിഎംഎ സലാം. വിദ്യാർത്ഥി സംഘടനകളുമായി മന്ത്രി നടത്തിയ ചർച്ചകളിലെ തീരുമാനങ്ങൾ സർക്കാർ നടപ്പാക്കുമോ എന്ന് പരിശോധിക്കും. ജൂലൈ അഞ്ച് വരെ കാത്തിരിക്കും. തീരുമാനങ്ങൾ നടപ്പാക്കാത്തപക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്നും പിഎംഎ സലാം പറഞ്ഞു.

.

വിദ്യാഭ്യാസ മന്ത്രി ഈ വിഷയം മലപ്പുറത്തിന്റെ മാത്രം പ്രശ്നമാക്കി ഒതുക്കാനാണ് ശ്രമിക്കുന്നത്. മലബാറിലെ ആറ് ജില്ലകളിലും ഗൗരവതരമായ പ്രശ്നമുണ്ട്. അത് മറച്ചു വെക്കാൻ വിദ്യാഭ്യാസ മന്ത്രിക്കാവില്ല. വിദ്യാഭ്യാസ മന്ത്രി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് കള്ളക്കണക്കുകളാണ്. കാർത്തികേയൻ കമ്മിഷൻ, ലബ്ബ കമ്മിഷൻ റിപ്പോർട്ടുകളെല്ലാം തള്ളിക്കളഞ്ഞ സർക്കാർ വീണ്ടും സമിതിയെ വെച്ചത് കണ്ണിൽപൊടിയിട്ട് രക്ഷപ്പെടാനാണോ എന്ന് സംശയമുണ്ടെന്നും പിഎംഎ സലാം പറഞ്ഞു.

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം 7478 സീറ്റുകളുടെയും കാസർകോട് 252 സീറ്റുകളുടെയും പാലക്കാട് 1757 സീറ്റുകളുടെയും കുറവാണ് ഉള്ളത്. മലപ്പുറത്ത് 7 താലൂക്കിൽ സയൻസ് സീറ്റ് അധികവും കൊമേഴ്‌സ്, ഹ്യൂമാനീറ്റിസ് സീറ്റുകൾ കുറവുമാണ്. മലപ്പുറത്ത് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News