ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു

Update: 2023-07-29 06:39 GMT

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. തിരുവനന്തപുരം ചെമ്പക മംഗലത്താണ് സംഭവം ഉണ്ടായത്. ബസ്സിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവറുടെ സമയോചിത ഇടപെടൽ വലിയ ദുരന്തമാണ് ഒഴിവാക്കിയത്. ബസിന്‍റെ മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ഡ്രൈവർ ബസ് നിർത്തി പുറത്തിറങ്ങുകയും അപകടം മനസിലാക്കി യാത്രക്കാരെ എല്ലാവരേയും പുറത്തിറക്കുകയായിരുന്നു. ബസ് റോഡരികിലേക്ക് മാറ്റി നിർത്തിയപ്പോഴാണ് തീ പടർന്ന് പിടിച്ചത്.

ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഒർഡിനറി ബസാണ് തീപിടിച്ചത്. രാവിലെ ആയതിനാൽ തന്നെ ബസിൽ നിറയെ യാത്രക്കാരുമുണ്ടായിരുന്നു. ഡ്രൈവർ വാഹനം നിർത്തി ബോണറ്റ് തുറക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരാണ് പുക ഉയരുന്ന വിവരം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ഡ്രൈവർ എല്ലാ യാത്രക്കാരെയും പുറത്തിറക്കി. യാത്രക്കാരെല്ലാം പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ ബസിന് തീ പിടിക്കുകയും വാഹനം പൂർണമായും കത്തി നശിക്കുകയുമായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. തുടർന്ന് വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. അതേസമയം നാട്ടുകാരുടെ സഹായം ഉണ്ടായിരുന്നില്ലെങ്കിൽ വലിയ അപകടം സംഭവിച്ചേനെയെന്നും ഡ്രൈവർ പറഞ്ഞു.

ബസിന്‍റെ സീറ്റുകളുള്‍പ്പടെ ഉള്‍പ്പടെ ഉള്‍വശം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. ബസിന് തീപിടിക്കാനുണ്ടായ കാരണം എന്താണ്, എവിടെ നിന്നാണ് തീ പിടിച്ചതെന്നതടക്കമുള്ള കാര്യങ്ങള്‍ ഇനി കണ്ടെത്താനുണ്ട്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാ​ഗമായി കെഎസ്ആർടിസി അധികൃതരും പോലീസും സംഭവ സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.

Tags:    

Similar News