ദുഷ്‌കരമായ സമയത്ത് ഐക്യത്തിന്റെ ശക്തി കാണിക്കാമെന്ന് മോഹൻലാൽ; 'സംഭാവനയൊന്നും കണ്ടില്ലല്ലോ എന്ന് പോസ്റ്റിന് കമന്റുകൾ

Update: 2024-08-02 07:09 GMT

വയനാട്ടിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സല്യൂട്ട് അടിച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ 122 ഇൻഫൻട്രി ബറ്റാലിയനെ കുറിച്ചും അദ്ദേഹം പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകരുടെ ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്.

മോഹൻലാൽ പങ്കിട്ട കുറിപ്പ് ഇങ്ങനെ-വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകർന്ന് നിസ്വാർത്ഥമായ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ദുരിതാശ്വാസ ദൗത്യത്തിൽ മുൻപന്തിയിൽ നിന്ന എൻ്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിൻ്റെ പ്രയത്നങ്ങൾക്ക് ഞാൻ നന്ദിയുള്ളവനാണ്.

മുമ്പും നമ്മൾ ഇതുപോലുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിൻ്റെ ശക്തി തെളിയിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു. ജയ് ഹിന്ദ്!', അദ്ദേഹം പോസ്റ്റിൽ കുറിച്ചു. അതേസമയം അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ നടൻ വയനാടിന് നൽകിയ സംഭാവനയെ കുറിച്ച് ചോദിച്ചുകൊണ്ടുള്ള കമന്റുകളാണ് നിറയുന്നത്.

'ഐക്യം മാത്രമേ ഉള്ളൂ, സഹായങ്ങളും സംഭാവനകളും ഒന്നും ഇല്ലേ', എന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. അന്യസംസ്ഥാനത്തുള്ളവർ വരെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. സാറ് ഇപ്പോഴും പോസ്റ്റിട്ട് കളിക്കുന്നു, ദയനീയം', എന്നാണ് മറ്റൊരാൾ കുറിച്ചത്. ഇപ്പോൾ പോസ്റ്റല്ല, ചെമ്പ് കൊട് എന്നാണ് മറ്റ് ചില കമന്റുകൾ. വയനാടിനായി സഹായം അഭ്യർത്ഥിച്ച് കൊണ്ടും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. വയനാട്ടിലെ ദുരിതബാധിതർക്കായി കാര്യമായി എന്തെങ്കിലും ചെയ്യണമെന്നുള്ള അപേക്ഷകളും ആവശ്യങ്ങളും ചിലർ പോസ്റ്റിന് കമന്റായി കുറിക്കുന്നുണ്ട്.

അതേസമയം മലയാള സിനിമയിൽ നിന്നും നിരവധി പേർ വയനാടിനായി സഹായം നൽകിയിട്ടുണ്ട്. മമ്മൂട്ടി-20 ലക്ഷം, ഫഹദ് ഫാസില്‍, നസ്രിയ നസീം & ഫ്രണ്ട്സ് 25 ലക്ഷം രൂപ ,ദുൽഖർ സൽമാൻ 15 ലക്ഷം, അന്യഭാഷ താരങ്ങളായ സൂര്യ 25 ലക്ഷം,കാര്‍ത്തി 15 ലക്ഷം ,ജ്യോതിക 10 ലക്ഷം, കമല്‍ ഹാസന്‍ 25 ലക്ഷം, രശ്മിക മന്ദാന-10 ലക്ഷം, പേളി മാണി -5 ലക്ഷം, ആസിഫ് അലി എന്നിങ്ങനെയാണ് സിനിമ മേഖലയിൽ നിന്നുള്ളവർ നൽകിയ സംഭാവന. 

Tags:    

Similar News