'വോക്കൽ ഫോർ ലോക്കലിന് ഇതിനേക്കാൾ മികച്ച ഉദാഹണമുണ്ടോ?'; കാർത്തുമ്പി കുടയെ 'മൻ കി ബാത്തിൽ' പ്രശംസിച്ച് പ്രധാനമന്ത്രി

Update: 2024-06-30 09:40 GMT

അട്ടപ്പാടിയിലെ ആദിവാസികൾ നിർമിക്കുന്ന കാർത്തുമ്പി കുടയെക്കുറിച്ച് 'മൻ കി ബാത്തിൽ' പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദിവാസി സഹോദരിമാർ നിർമിക്കുന്ന ഈ കുടകൾക്ക് ആവശ്യക്കാർ ഏറുന്നു എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. പട്ടികവർഗ ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ 2015 ലാണ് ആദിവാസി ഊരുകളിലെ സ്ത്രീകൾക്കിടയിൽ കുട നിർമാണ പരിശീലനം ആരംഭിച്ചത്. അട്ടപ്പാടിയിലെ പട്ടിണിക്ക് അറുതി വരുത്താനായിരുന്നു പരിശീലനം.

'രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ എത്തിക്കൊണ്ടിരിക്കുകയാണ്. മഴക്കാലത്ത് നമ്മളെല്ലാവരും വീട്ടിൽ കുട അന്വേഷിക്കാൻ ആരംഭിച്ചിട്ടുണ്ടാകും. ഇന്നത്തെ മൻ കി ബാത്തിൽ എനിക്ക് നിങ്ങളോട് ഒരു പ്രത്യേക കുടയെ കുറിച്ചാണ് പറയാനുള്ളത്. കേരളത്തിലാണ് ഈ കുടകൾ നിർമിക്കുന്നത്. കേരളത്തിന്റെ സംസ്‌കാരത്തിൽ കുടകൾക്ക് പ്രാധാന്യമുണ്ട്. കേരളത്തിന്റെ പാരമ്പര്യത്തിലേയും ആചാരങ്ങളിലേയും അവിഭാജ്യഘടകമാണ് കുടകൾ. എന്നാൽ ഞാനിവിടെ സംസാരിക്കുന്നത് കാർത്തുമ്പി കുടകളെക്കുറിച്ചാണ്. കേരളത്തിലെ അട്ടപ്പാടിയിലാണ് ഈ കുടകൾ നിർമിക്കുന്നത്.

ഈ വർണശബളമായ കുടകൾ കാണാൻ നയന മനോഹരമാണ്. ഈ കുടകളുടെ പ്രത്യേകത എന്താണെന്നാൽ, ഇത് കേരളത്തിലെ ആദിവാസി സഹോദരിമാരാണ് നിർമിക്കുന്നത്. ഇന്ന് രാജ്യത്ത് കുടകൾക്കായുള്ള ആവശ്യം വർദ്ധിക്കുകയാണ്. കാർത്തുമ്പി കുടകൾ രാജ്യത്തുടനീളം ഓൺലൈനായും വാങ്ങാൻ കഴിയും. വട്ടലക്കി കാർഷിക സഹകരണ സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് കുടകൾ നിർമിക്കുന്നത്. ഈ സൊസൈറ്റിയെ നയിക്കുന്നത് നമ്മുടെ സ്ത്രീശക്തിയാണ്. വനിതകളുടെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ ആദിവാസി സമൂഹം സംരംഭത്തിന്റെ ഉത്കൃഷ്ടമായ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്.ഈ സൊസൈറ്റി ഒരു ബാംബൂ ഹാൻഡിക്രാഫ്റ്റ് യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. ചില്ലറ വിൽപ്പനശാലയും പരമ്പരാഗത ലഘുഭക്ഷണശാലയും തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. കുടകളും മറ്റ് ഉത്പന്നങ്ങളും വിൽക്കുക എന്നത് മാത്രമല്ല അവരുടെ ലക്ഷ്യം. അതിനൊപ്പം അവർ തങ്ങളുടെ പാരമ്പര്യത്തേയും സംസ്‌കാരത്തേയും ലോകത്തിന് പരിചയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. ഇന്ന്, കാർത്തുമ്പി കുടകൾ കേരളത്തിലെ ചെറിയൊരു ഗ്രാമത്തിൽ നിന്ന് ബഹുരാഷ്ട്ര കമ്പനികളിലേക്കുള്ള യാത്ര പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. വോക്കൽ ഫോർ ലോക്കലിന് ഇതിനേക്കാൾ മികച്ച ഉദാഹണമുണ്ടോ'- നരേന്ദ്രമോദി ചോദിച്ചു.

Tags:    

Similar News