പ്രിൻസിപ്പൽ പട്ടികയിൽ അനധികൃത ഇടപെടൽ നടത്തിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

Update: 2023-07-28 10:06 GMT

സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ യു.ജി.സി ചട്ടങ്ങൾ ലംഘിക്കുന്നതിനോ സ്‌പെഷ്യൽ റൂൾസിലെ നിബന്ധനകൾ ലംഘിക്കുന്നതോ തുടങ്ങി നിയമവിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. തൃശൂരിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിക്കോ സർക്കാരിനോ നിയമനവുമായി ബന്ധപ്പെട്ട് പ്രത്യേക താല്പര്യമില്ലെന്നും പരാതിക്കിടയാകാത്ത രീതിയിൽ പ്രിൻസിപ്പൽ നിയമനം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രിൻസിപ്പൽ നിയമന പട്ടികയിലേക്ക് 67 പേരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കിയത്. ആകെ 55 ഒഴിവുകളാണ് ഉണ്ടായിരുന്നത്. എന്നാൽ സെലക്ഷൻ കമ്മിറ്റിയുടെ വിശകലനത്തിൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പട്ടിക 43 ആക്കി ചുരുക്കിയെന്നും അതിലുയർന്ന പരാതികൾ പരിഹരിക്കാനാണ് ശ്രമിച്ചതെന്നും അവർ വ്യക്തമാക്കി.

പരാതികൾ പരിഗണിച്ച് ലിസ്റ്റ് അന്തിമമാക്കാൻ നിർദ്ദേശം നൽകിയിരുന്നെന്നും 43 പേരുടെ ലിസ്റ്റ് തള്ളാതെ കമ്മിറ്റിയെ നിയോഗിച്ച് പരാതി പരിശോധിക്കാൻ ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു. നേരത്തെ തന്നെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസുകളുണ്ടായത് അടക്കം പരിഗണിച്ചും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് തീരുമാനം എടുക്കുക. അന്തിമ പട്ടിക തയ്യാറായിട്ടില്ലെന്നും അവർ വ്യക്തമാക്കി. കൂടാതെ പുതിയ ലിസ്റ്റ് താൻ കണ്ടിട്ട് പോലുമില്ലെന്നും ആ ലിസ്റ്റ് സർക്കാരിന്റെ മുന്നിലേക്ക് എത്തിയിട്ടില്ലെന്നും പറഞ്ഞ മന്ത്രി നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ തീരുമാനിക്കുകയെന്നും കൂട്ടിച്ചേർത്തു.

Tags:    

Similar News