'സോളാർ വിഷയം വന്നപ്പോൾ ഉമ്മൻ ചാണ്ടിയോട് ഒരു ചോദ്യം ചോദിച്ചു, അന്ന് ആരും ആശ്വസിപ്പിക്കാൻ വന്നില്ല'; മറിയാമ്മ ഉമ്മൻ

Update: 2024-07-20 06:44 GMT

സോളാർ ആരോപണം ഉയർന്ന സമയത്ത് അടുപ്പക്കാരടക്കം ആരും ഉമ്മൻ ചാണ്ടിയേയും കുടുംബത്തേയും ആശ്വസിപ്പിക്കാൻ വന്നില്ലെന്ന് മറിയാമ്മ ഉമ്മൻചാണ്ടി. മാധ്യമ പ്രവർത്തകനായ ജോൺ മുണ്ടക്കയം രചിച്ച 'സോളാർ വിശേഷം' പുസ്തക പ്രകാശന ചടങ്ങിലായിരുന്നു മറിയാമ്മ ഉമ്മൻ സംസാരിച്ചത്.

'സോളാർ ഞങ്ങളുടെ കുടുംബത്തെ തകർത്ത കാര്യമാണ്. ഹൃദയത്തെ തകർത്തുകളഞ്ഞു. ഒരാളെയും സഹതാപവുമായി കണ്ടില്ല. ആരെങ്കിലും ആശ്വസിപ്പിക്കാൻ വരുമെന്ന് കരുതിയെങ്കിലും ആരും വന്നില്ല. സോളാർ വിഷയം വന്നപ്പോൾ ഞാൻ ഉമ്മൻ ചാണ്ടിയോട് ഒരു ചോദ്യം ചോദിച്ചു. ഇന്ന് ആലോചിക്കുമ്പോൾ അത് തെറ്റായി പോയെന്നും, അദ്ദേഹത്തിന് വിഷമമായിട്ടുണ്ടെന്നും എനിക്ക് തോന്നുന്നു. കുഞ്ഞേ ഒരുപാട് വ്യക്തിബന്ധമുള്ളയാളല്ലേ കുഞ്ഞ്, എല്ലാ മേഖലയിലും. എന്നിട്ടും ആരും സപ്പോർട്ട് ചെയ്യാൻ വന്നില്ലല്ലോ? ഇതായിരുന്നു ചോദ്യം. ഇന്ന് ആളുകൾ ദൈവത്തെ പോലെ ഉമ്മൻ ചാണ്ടിയെ കാണുമ്പോൾ അതൊക്കെ ഒരുപാട് ഊർജം തരികയാണ്.

വേദിയിലിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് സോളാർ കേസിൽ ഗൂഢാലോചന എന്തായിരുന്നുവെന്നതിന് സിബിഐ അന്വേഷണം വേണമെന്ന് മറിയാമ്മ ഉമ്മൻ ആവശ്യപ്പെട്ടു. ആരെയും കുറ്റപ്പെടുത്താനോ ദോഷം വരുത്താനോ അല്ലെന്നും, സത്യം നിങ്ങളെ സ്വതന്ത്രമാക്കുമെന്ന വചനം പ്രാവർത്തികമാക്കാനാണ് അന്വേഷണത്തിലൂടെ ആവശ്യപ്പെടുന്നതെന്ന് മറിയാമ്മ ഉമ്മൻ പറഞ്ഞു. അചഞ്ചലനായ ഉമ്മൻചാണ്ടിയുടെ വിശ്വാസമാണ് ഞങ്ങളുടെ കുടുംബത്തെ നിലനിറുത്തിയത്. രണ്ടാം സോളാർ വിവാദമാണ് ഏറെ തകർത്തത്. ദൈവവിശ്വാസിയായ അദ്ദേഹത്തിന് സത്യം എന്നെങ്കിലും പുറത്തുവരുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ചെറുപ്പകാലത്തുപോലും ഉമ്മൻ ചാണ്ടിയുടെ ബാത്ത് റൂമിന് മുന്നിൽ പെണ്ണുങ്ങൾ വന്നു നിൽക്കും. അതിൽ അസ്വസ്ഥനായിട്ടുള്ളത് ഉമ്മൻ ചാണ്ടിയായിരുന്നു. ഉമ്മൻ ചാണ്ടിക്ക് ഏതെങ്കിലും പെണ്ണുമായി ബന്ധമുണ്ടെന്ന് പറയുന്നതിനേക്കാൾ ഭേദം എനിക്ക് അന്യപുരുഷനുമായി അവിഹിത സഞ്ചാരം ഉണ്ടെന്ന് പറയുന്നതാണ്.

അദ്ദേഹത്തിന്റെ കണ്ണുകളിൽ നോക്കി നിൽക്കാൻ പറ്റുമായിരുന്നില്ല. എങ്ങിനെ ഇത് സഹിച്ചുവെന്ന് അറിയില്ല'. ചടങ്ങിൽ ശശി തരൂർ എംപി കവയിത്രി റോസ് മേരിക്ക് നൽകിയാണ് 'സോളാർ (വി) ശേഷം'പ്രകാശനം ചെയ്തത്.

Tags:    

Similar News