കല കൊലക്കേസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല; ചോദ്യംചെയ്യലിനോടു പ്രതികൾ സഹകരിക്കുന്നില്ല

Update: 2024-07-07 05:25 GMT

മാന്നാറിലെ കലയെ 15 വർഷംമുൻപ് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന കേസിൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. ഒന്നാംപ്രതിയും കലയുടെ ഭർത്താവുമായ അനിൽ ഇസ്രയേലിലാണ്. അറസ്റ്റിലായ മൂന്നുപ്രതികളെ തിങ്കളാഴ്ചവരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ കസ്റ്റഡി കാലാവധി അവസാനിക്കുമ്പോൾ കാര്യമായ തെളിവുകൾ പോലീസിനു ശേഖരിക്കാനായിട്ടില്ല.

കഴിഞ്ഞ ചൊവ്വാഴ്ച പോലീസ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്നുപരിശോധിച്ചപ്പോൾ കിട്ടിയ ദുർബലമായ തെളിവുകളിൽ കൂടുതലായി മറ്റൊന്നും ലഭിച്ചില്ലെന്നാണ് അറിയുന്നത്. എന്നാൽ, പോലീസ് യാതൊന്നുംതന്നെ വ്യക്തമാക്കുന്നില്ല. സെപ്റ്റിക് ടാങ്കിൽനിന്ന് ഒരു ഹെയർ ക്ലിപ്പ്, അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്, ഒരു ലോക്കറ്റ്, കറുത്ത ഏതോ ചെറിയ വസ്തുക്കൾ എന്നിവയാണ് ലഭിച്ചിട്ടുള്ളത്. ഇത് ഫൊറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയയാണ്.

കഴിഞ്ഞദിവസം മൂന്നുപ്രതികളെയും വെവ്വേറെ പോലീസ് സ്റ്റേഷനുകളിൽ കൊണ്ടുപോയി ചോദ്യംചെയ്തു. എന്നാൽ, പ്രതികൾ ചോദ്യംചെയ്യലിനോടു സഹകരിക്കാത്തത് പോലീസിനെ കുഴയ്ക്കുന്നുണ്ട്. ഇക്കാരണത്താൽ ശനിയാഴ്ചയും തെളിവെടുപ്പിനുകൊണ്ടുപോകാൻ സാധിച്ചിട്ടില്ല. പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാൻ കോടതിയിൽ അപേക്ഷനൽകുമെന്നാണ് അറിയുന്നത്. ഒന്നാംപ്രതി അനിൽ കുമാറിനെ നാട്ടിലേക്കു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഇന്റർപോളിന്റെ സഹായംതേടുന്നതിന്റെ ആദ്യപടിയായി വാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകി.

Tags:    

Similar News