കണ്ണൂർ തലശ്ശേരിയിൽ ലോട്ടറി കടയിൽ നിന്നും ബംപർ ലോട്ടറി ടിക്കറ്റ് മോഷണം പോയി. പുതിയ ബസ്റ്റാന്റ് പരിസരത്തുള്ള കടയിലാണ് മോഷണം നടന്നത്. സമീപത്തുള്ള മറ്റ് നാല് കടകളിലും മോഷണം നടത്തിയിട്ടുണ്ട്. ഏകദേശം 40,000ത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. തലശേരി പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയോരത്തെ കടകളിലാണ് മോഷണം നടന്നത്. പി പി എൽ സ്റ്റോർ, തൊട്ടടുത്തുള്ള പച്ചക്കറി കട, പച്ചക്കറികൾ സൂക്ഷിക്കുന്ന മുറി, ടി സി മുക്കിലെ വൺ ഫോർ വൺ മൊബൈൽ കട, സമീപത്തെ ലോട്ടറി കം സ്റ്റേഷനി കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. അഞ്ചു കടകളിലും ഒരേ രീതിയിലാണ് കള്ളൻ മോഷണം നടത്തിയിരിക്കുന്നത്.
പച്ചക്കറി കടകയിൽ മുകളിലെ ഷീറ്റുകൾ തകർത്താണ് കള്ളൻ അകത്ത് കടന്നത്. പി പി എൽ സ്റ്റോറിൽ സൂക്ഷിച്ച 15,000 രൂപ മോഷ്ടാവ് കവർന്നിട്ടുണ്ട്. ഇവിടെ ഷീറ്റിളക്കിയതിനാൽ കനത്ത മഴയെ തുടർന്ന് സാധനങ്ങൾ പലതും നശിച്ചു. ടിസി മുക്കിലെ മൊബൈൽ ഷോപ്പിന്റെ ഷീറ്റ് ഇളക്കി അകത്ത് കടന്ന മോഷ്ടാവ് ഇവിടെ നന്നാക്കാനായി നൽകിയിരിക്കുന്ന മൊബൈലുകൾ അടക്കമാണ് കവർന്നത്. ഹെഡ്സെറ്റുകൾ, ചാർജറുകൾ എന്നിവയും മോഷണം പോയിട്ടുണ്ട്.
ലോട്ടറി കടയിൽ നിന്നും മൺസൂൺ ബംപറിന്റെ 12 ടിക്കറ്റാണ് മോഷ്ടിച്ചത്. ഒരു ടിക്കറ്റിന് 250 രൂപയാണ് വില. കേരള ലോട്ടറിയുടെ മൺസൂൺ ബംപർ 24നാണ് നറുക്കെടുപ്പ്. 10 കോടിയാണ് ഒന്നാം സമ്മാനം.5 പേർക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേർക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം. കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.