മൂന്നാർ ചൊക്രമുടിയിൽ കയ്യേറ്റം നടന്നത് റവന്യൂ ഭൂമിയിൽ; അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്ത്

Update: 2024-09-14 01:15 GMT

മൂന്നാർ ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം ശരിവച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കയ്യേറ്റം നടന്നത് റവന്യൂ ഭൂമിയിലെന്ന് കണ്ടെത്തിയതായാണ് അതിൽ പറയുന്നത്. സർക്കാർ ഭൂമിയിൽ പട്ടയം കിട്ടിയെന്ന് കാണിച്ചായിരുന്നു ഭൂമി കയ്യേറിയതും നിർമാണ പ്രവർത്തനങ്ങൾ നടത്തിയതും എന്നാണ് കണ്ടെത്തൽ. കയ്യേറ്റം പൂർണമായി ഒഴിപ്പിച്ച് ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം.

അനധികൃത നിർമാണം നടത്തിയവർ, കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. പുറമ്പോക്ക് ഭൂമിക്ക് ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകിയ വില്ലേജ് ഓഫിസറുടെ നടപടിയും തെറ്റാണ്. പരിശോധന നടത്താതെ സ്ഥലത്തിന് ഉടുമ്പൻ ചോല തഹസിൽദാർ നിജസ്ഥിതി സർട്ടിഫിക്കറ്റ് നൽകിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കയ്യേറ്റം വഴി നീർച്ചാലുകളുടെ സ്വാഭാവിക ഒഴുക്കിനു തടസമുണ്ടായി. വലിയ പാരിസ്ഥിതിക ആഘാതം പ്രദേശത്തുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തര മേഖല ഐജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്.

Tags:    

Similar News